തിരുവനന്തപുരം:സംസ്ഥാനത്ത് സമൂഹ വ്യാപന സാദ്ധ്യത നിലനിൽക്കുമ്പോഴും ജാഗ്രതാ നിർദേശങ്ങൾക്ക് പുല്ലുവില കൽപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു. മാസ്ക്ക് വയ്ക്കാൻ പോലും മടിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. പത്ത് ദിവസത്തിനിടെ ഹോം ക്വാറന്റീൻ ലംഘിച്ചത് നാനൂറിലേറെപ്പേരാണ്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം കൂടിയതോടെ ഇനി മുതൽ നിരീക്ഷണം ലംഘിച്ചാൽ അതിന് സഹായിക്കുന്നവർക്കെതിരെയും കേസെടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
പത്ത് ദിവസത്തിനിടെ 407 പേരാണ് ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയത്. എറണാകുളത്താണ് ക്വാറന്റീൻ ലംഘനം എറ്റവും കൂടുതൽ. 237 എണ്ണം. രോഗ വ്യാപനം കൂടുതലുള്ള കാസർകോട് 86 കേസുകളുണ്ട്. മാസ്ക്ക് ധരിക്കാത്തവരുടെ എണ്ണവും കൂടിവരികയാണ്. പത്ത് ദിവസം കൊണ്ട് മുപ്പത്തയ്യായിരം പേർക്കെതിരെയാണ് മാസ്ക്ക് ധരിക്കാത്തതിന് കേസെടുത്തത്. തിരുവനന്തപുരം ,മലപ്പുറം , എറണാകുളം ജില്ലകളിലാണ് കുടുതൽ പേർ മാസ്ക്ക് ധരിക്കാത്തത്.