മുംബയ്: പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ ചൂട്ടും കെട്ടി പട എന്ന് പറഞ്ഞതുപോലെയായി ആശിഷ് വിശ്വകർമ്മരുടെയും കുടുംബത്തിൻെറയും കഥ. ആശിഷിന് ജോലി മുംബയിൽ. സ്വന്തം സ്ഥലം ഉത്തർപ്രദേശിലെ ജുവാൻപൂരിയിലും. താമസിക്കുന്നത് മുംബയിൽ. ഒപ്പം ഭാര്യയും ഒന്നര വയസുള്ള മകളും. മാർച്ച് 24 ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ജോലിക്കും ലോക്ക് ഡൗണായി. മറ്റ് തൊഴിലാളികളെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തുടങ്ങിയപ്പോൾ ആശിഷും കുടുംബവും നാട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു.
ഉത്തർപ്രദേശിലേക്ക് പോകുന്ന ഒരു ട്രക്കിൽ 6000രൂപ നൽകി ഇരിപ്പിടമുറപ്പിച്ചു. പ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അഭ്യൂഹം പരന്നതോടെ മേയ് 10ന് രാത്രി യാത്ര തിരിക്കുമെന്ന് പറഞ്ഞ ട്രക്ക് വൈകുന്നേരമായപ്പോൾ പുറപ്പെട്ടു. ഇതിനിടെ ഭക്ഷണം ഒന്നും കരുതാൻ ആശിഷിന് സമയം കിട്ടിയില്ല. വഴിക്കുള്ള ഹോട്ടലുകളെല്ലാം അടഞ്ഞു കിടക്കുന്നു. വിശന്നു വലഞ്ഞു.
ശരണം പച്ചവെള്ളം മാത്രം. കുഞ്ഞു കരയുമ്പോൾ കയ്യിൽ കരുതിയിരുന്ന പാൽപ്പൊടി വെള്ളത്തിൽ കലക്കി കൊടുക്കും. മൂന്ന് ദിവസം അങ്ങനെ വെള്ളം കുടിച്ച് കഴിഞ്ഞ് അവശരായി. ആഹാരം കണ്ടാൽ ചാടിവീഴുമെന്ന സ്ഥിതിയായി. ചൂട് സഹിക്കാനാവുന്നില്ല. മേയ് 14ന് ആശിഷും കുടുംബവും ജുവാൻപൂരിലെത്തി, ആരും അടുപ്പിക്കുന്നില്ല. മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം കഴിയുന്ന രണ്ടര വയസുള്ള മകൻ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ എല്ലാം ദൂരെ മാറി നിൽക്കുകയാണ്.
വീട്ടിൽ കയറാനും പറ്റുന്നില്ല. വീടിനടുത്തുള്ള പാടം വീടാക്കി. പൊള്ളുന്ന വെയിലേറ്റ് ആശിഷും കുടുംബവും കഴിയുകയാണ്. അപ്പോഴാണ് കൊവിഡിൻെറ തീവ്രത ബോദ്ധ്യമായത്. മുംബയിൽ നിന്ന് വരണ്ടായിരുന്നു എന്ന തോന്നൽ. പാടത്തും വരമ്പത്തും കഴിയുന്ന ആശിഷിൻെറ കുഞ്ഞ് വാവിട്ട് കരയുകയാണ്. എന്ത് കൊടുക്കും. ആരും അടുക്കുന്നതുമില്ല. ട്രെയിൻ ഓടിത്തുടങ്ങിയാൽ മുംബയിലേക്ക് തിരിച്ചുപോകാൻ കാത്തിരിക്കുകയാണ് ആശിഷും കുടുംബവും.