കൊല്ലം: ഉത്ര കൊലക്കേസിൽ നിർണായകമായി സൂരജിന്‍റെ കുറ്റസമ്മതമൊഴി. ഉത്രയുടെ വീട്ടിൽ നിന്ന് കൂടുതൽ പണവും സ്വത്തും തേടി പലപ്പോഴും വഴക്കുണ്ടായിരുന്നു. അടൂരിലെ വീട്ടിൽ വച്ച് കഴിഞ്ഞ ജനുവരിയിൽ വഴക്കുണ്ടായി. ഇതേത്തുടർന്ന്, ഉത്രയുടെ വീട്ടിൽ നിന്ന് അച്ഛനും സഹോദരപുത്രനും വന്നു. ഇങ്ങനെ തുടരുകയാണെങ്കിൽ ഉത്രയെ വീട്ടിലേക്ക് കൊണ്ടുപോവുകയാണെന്നും വിവാഹമോചനം വേണമെന്നും അച്ഛൻ പറഞ്ഞു. ഇതാണ് കൊലപാതക നീക്കത്തിലേക്ക് പോകാൻ സൂരജിനെ പ്രേരിപ്പിച്ചതെന്ന് സൂരജ് പൊലീസിനോട് നടത്തിയ കുറ്റസമ്മതത്തിൽ വ്യക്തമാക്കി.
2018- മാർച്ച് 26-നായിരുന്നു ഉത്രയുടെയും സൂരജിന്‍റെയും വിവാഹം. വിവാഹശേഷം ഉത്രയെ മാനസികമായും ശാരീരികമായും സൂരജ് പീഡിപ്പിച്ചിരുന്നു എന്നാണ് വിവരം. ഇത് ഉത്രയുടെ കുടുംബത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സൂരജിന്‍റെ വീട്ടിൽ വച്ച് ഇവർ തമ്മിൽ വഴക്കായ വിവരം അറിഞ്ഞ് അച്ഛൻ വിജയസേനനും സഹോദരപുത്രൻ ശ്യാമും സൂരജിന്‍റെ വീട്ടിലെത്തി വിവരം അന്വേഷിച്ചത്.
വിവാഹമോചനത്തിലേക്ക് കാര്യമെത്തിയപ്പോഴാണ് സൂരജിന് സ്ത്രീധന തുക മുഴുവൻ തിരികെ നൽകേണ്ടി വരുമെന്ന് മനസിലായത്. 96 പവൻ, 5 ലക്ഷം രൂപ, കാർ, മൂന്നേകാൽ ലക്ഷം രൂപയുടെ പിക്കപ്പ് ആട്ടോ എന്നിവയെല്ലാം തിരിച്ച് കൊടുക്കേണ്ടി വരും. ഉത്രയുടെ അമ്മ അടുത്ത മാസം വിരമിക്കുമ്പോൾ കിട്ടുന്ന 65 ലക്ഷം രൂപ രണ്ട് മക്കൾക്കുമായി വീതിച്ച് കൊടുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നതാണ്. അതും കയ്യിൽ നിന്ന് പോകുമെന്ന് സൂരജ് കണക്കുകൂട്ടി.
ഇതോടെ അനുനയത്തിന്‍റെ പാതയിലായി സൂരജും കുടുംബവും. തുടർന്നാണ് ഉത്രയെ കൊല്ലാൻ സൂരജ് പദ്ധതി ആസൂത്രണം ചെയ്ത് തുടങ്ങിയത്. ഉത്ര മരിച്ചാൽ കുഞ്ഞിന്‍റെ പേരിലോ, സൂരജിന്‍റെ പേരിലോ ആയി സ്വത്ത് എഴുതിക്കിട്ടുമെന്ന് സൂരജ് കരുതി. ഇതേതുടർന്നാണ് ഉത്രയെ ആസൂത്രണം ചെയ്‌ത് കൊലപ്പെടുത്തിയതെന്ന് സൂരജ് പൊലീസിന് നൽകിയ കുറ്റസമ്മത മൊഴിയിൽ പറയുന്നു.