റിയാദ്: സൗദിയിൽ ആഭ്യന്തരവിമാന സർവീസുകൾ ഞായാറാഴ്ച മുതൽ പുനഃരാരംഭിക്കും. നിയന്ത്രണ വ്യവസ്ഥകൾ പാലിച്ചാണ് സർവീസ്. അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. ഇത് പുനഃസ്ഥാപിക്കുന്നതിന് ഒരു തീരുമാനവും എടുത്തിട്ടില്ല.
ആദ്യഘട്ടത്തിൽ റിയാദ്, ജിദ്ദ, ദമാം, മദീന, അൽഖസീം, അബഹ, തബൂക്ക്, ജിസാൻ, ഹായിൽ, അൽബാഹ, നജ്റാൻ എയർപോർട്ടുകളെ ബന്ധിപ്പിച്ചാണ് സർവീസ്. സൗദി എയർലൈൻസ് ഉൾപ്പെടെയുള്ള ആഭ്യന്തര വിമാന കമ്പനികൾ രാജ്യത്തെ 11 വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.
രണ്ടാഴ്ചക്കുള്ളിൽ എല്ലാ സെക്ടറുകളിലേക്കും സർവീസ് പൂർണ്ണമായും പുനഃസ്ഥാപിക്കാനാണ് നീക്കം. കൊവിഡ് തടയുന്നതിന്റെ ഭാഗമായി മാർച്ച് 21നാണ് വിമാന സർവീസ് നിറുത്തിവച്ചത്. മൂന്ന് ഘട്ടങ്ങളിലായി കർഫ്യൂവിൽ ഇളവുകൾ നൽകിക്കൊണ്ട് പൊതു ജീവിതം തിരികെകൊണ്ട് വരുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.