തിരുവനന്തപുരം: വിശ്വാസ് മേത്ത സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. ടോം ജോസ് വിരമിക്കുന്ന ഒഴിവിലേക്കാണ് വിശ്വാസ് മേത്തയുടെ നിയമനം. അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ അഭ്യന്തര-വിജിലൻസ് സെക്രട്ടറിയായി നിയമിച്ചു. നിലവിലെ തിരുവനന്തപുരം കളക്ടർ കെ. ഗോപാലകൃഷ്ണനെ മലപ്പുറത്തേക്ക് മാറ്റി.
നവജ്യോത് സിംഗ് ഖോസയാണ് പുതിയ തിരുവനന്തപുരം ജില്ലാ കളക്ടർ. ഡോ.വി.വേണുവിനെ ആസൂത്രണബോർഡ് സെക്രട്ടറിയായി നിയമിച്ചു. വി. ജയതിലകാണ് പുതിയ റവന്യൂ സെക്രട്ടറി. ആലപ്പുഴ കളക്ടർ എം.അജ്ഞനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. കാർഷികോത്പന്ന കമ്മീഷണറായി ഇഷിതാ റോയിയെ നിയമിച്ചു.
1986 ബാച്ചുകാരനായ നിയുക്ത ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി 28 വരെ അദ്ദേഹത്തിന് സർവീസ് ബാക്കിയുണ്ട്. 31-ന് വിരമിക്കുന്ന നിലവിലെ ചീഫ് സെക്രട്ടറി ടോം ജോസിനെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായി നിയമിച്ചേക്കും എന്നാണ് സൂചന. വിശ്വാസ് മേത്തയുടെ സ്ഥാനാരോഹണത്തോടെ സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും ഭരണസംവിധാനത്തിന്റെ തലവനായ ചീഫ് സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും എന്നൊരു പ്രത്യേകതയുണ്ട്.