ന്യുയോർക്ക്: കുട്ടികളെ നിങ്ങൾ വീട്ടിലിരുന്ന് മടുത്തോ. പുറത്തിറങ്ങാൻ കഴിയുന്നില്ല അല്ലേ. വിഷമിക്കേണ്ട നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത. വീട്ടിലെ ജീവിതം ഇനി സൂപ്പറാകും. അതിനായി നിങ്ങൾക്കൊപ്പം കഴിയാൻ ദാ വരുന്നു ഹാരിപ്പോട്ടറിന്റെ കഥാകാരി. അവർ നിങ്ങൾക്കായി പുതിയ പുസ്തകം ഇറക്കുകയാണ്. വീട്ടിലിരുന്ന് ഓൺലൈനിലൂടെ വായിക്കാം. അങ്ങനെ ബോറടിമാറ്റാം. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് ഇനി ത്രില്ലിൻെറ നാളുകളാണ്.
കൊവിഡ് ഭീതിയിൽ നിന്നും കുട്ടികളെ ഭാവനാ ലോകത്തേക്ക് കൊണ്ടുപോകാനാണ് തന്റെ പുറപ്പാടെന്ന് ഹാരിപ്പോട്ടറിന്റെ എഴുത്തുകാരി ജെ.കെ.റൗളിംഗ് അറിയിച്ചു. 'ദ ഇകാബോഗ്' എന്നു പേരിട്ടിരിക്കുന്ന പുസ്തകം ഓൺലൈനിലൂടെ സൗജന്യമായി വായിക്കാനാകും വിധമാണ് ഇറക്കുന്നതെന്നും റൗളിംഗ് പറഞ്ഞു.
ഈ പുസ്തകം ഹാരീ പോട്ടറിന്റെ മറ്റൊരു പതിപ്പോ ഭാഗമോ അല്ലെന്നാണ്' റൗളിംഗ് പറയുന്നത്. 10 വർഷം മുമ്പാണ് നാടോടിക്കഥയായ ഇകാബോഗ് എഴുതിയത്. ഹാരീപോട്ടർ എഴുതുന്ന സമയത്തുതന്നെയാണ് ഈ കഥയും മനസിൽ കയറിയത്. ഹാരീപോട്ടർ പുസ്തകത്തിന് മുന്നേ തന്നെ ഇകാബോഗിന്റെ എല്ലാ രൂപവും എഴുതി വച്ചിരുന്നു. എന്നാൽ ഹാരീ പോട്ടർ പരമ്പരക്ക് ശേഷം മുതിർന്നവർക്കായി രണ്ടു നോവലുകളുടെ തിരക്കിലായി.
എന്നാലിപ്പോൾ ആ ഘട്ടമെത്തിയിരിക്കുന്നു. രണ്ടു കുട്ടികളുടെ കഥയാണ് ഇകാബോഗിലൂടെ പറയുന്നത് സത്യവും അധികാരവും മാറ്റുരയക്കുന്ന കഥയാണിത്' കുട്ടികളുടെ മനസിന് പുത്തൻരൂപം നൽകുന്ന പുസ്തകം. ലോക്ഡൗണിൻെറ ബോറടി മാറ്റി അങ്ങനെ വായിച്ച് രസിക്കാം.