തിരുവനന്തപുരം: നാട്ടിലെത്തിയാൽ രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്ന കൊവിഡ് സുരക്ഷാനിർദ്ദേശം പലരും പാലിക്കാത്തത് പൊലീസിനും ആരോഗ്യപ്രവർത്തകർക്കും തലവേദനയാകുന്നു. വിദേശത്തും ഇതരസംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തിയവർ സുരക്ഷാനിർദ്ദേശം പാലിക്കാതെ കറങ്ങിനടക്കുന്നത് നാട്ടുകാരെയും ഭീതിയിലാക്കുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ അൻപതിലേറെ പേർക്ക് സമ്പർക്കത്തിലൂടെ രോഗമുണ്ടാകാനിടയായത് ക്വാറന്റൈൻ ലംഘിക്കുന്നവരുടെ സാമൂഹ്യവിരുദ്ധമനോഭാവം കൊണ്ടാണെന്നാണ് റിപ്പോർട്ട്. രോഗവ്യാപനം തടയുന്നതിൽ വെല്ലുവിളിയായി മാറിയിരിക്കുകയാണിത്. കഴിഞ്ഞദിവസം കേശവദാസപുരത്തെ പ്രമുഖ പിസാ ഷോപ്പിന്റെ മാനേജർ ക്വാറന്റൈൻ ലംഘിച്ച് ഷോപ്പിലെത്തിയത് സംഘർഷത്തിനിടയാക്കി. സേലത്തു നിന്ന് തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ആരോഗ്യസേതു ആപ്പുള്ള മൊബൈൽ ഫോൺ വീട്ടിൽ സൂക്ഷിച്ച് പൊലീസിനെയും അധികൃതരെയും കബളിപ്പിച്ച് ഇയാൾ ഷോപ്പിലെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്ത് സർക്കാർ ക്വാറന്റൈനിലാക്കി. തുടർന്ന് ഷോപ്പ് അടപ്പിച്ച് അണുനശീകരണവും നടത്തി. സമാനമായ സംഭവം ഹോട്ട്സ്പോട്ടായ വെഞ്ഞാറമൂട്ടിലുമുണ്ടായി. അവിടെ വില്ലനായത് മുതിർന്ന പഞ്ചായത്ത് അധികാരിയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അൻപതിലേറെ കേസുകളാണ് ഇത്തരത്തിൽ ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഇത്തരം കേസുകളിൽ കർശനമായ നടപടിക്ക് പൊലീസിന് ഡി.ജി.പി നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നലെ മാത്രം

രജിസ്റ്റർ ചെയ്തത് 1133 കേസുകൾ

അറസ്റ്റിലായത് 1283 പേർ

മാസ്‌ക് ധരിക്കാത്ത സംഭവങ്ങൾ 3261

ആശങ്കപ്പെടുത്തുന്ന തരത്തിലേക്കാണ് സ്ഥതിഗതികൾ മുന്നോട്ട് പോകുന്നത്.വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരുടെ മാനസിക സമ്മർദ്ദവും ക്വാറന്റെെൻ ചെലവുകളും കണക്കിലെടുത്ത് ഇവരെ റൂം ക്വാറന്റൈൻ നിർദേശിച്ചാണ് വീടുകളിലേക്ക് അയയ്ക്കുന്നത്. ഇതും ലംഘിച്ചാൽ നിലവിലെ സ്ഥിതി കൂടുതൽ വഷളാകും.

-ഡോ. അജയകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ

.