ദുബായ്: കൊവിഡ് എന്ന മഹാമാരിയിൽ പ്രവാസികൾക്ക് കരുതലായി കഴിഞ്ഞ രണ്ട് മാസത്തോളമായി സേവന രംഗത്ത് സജീവമായിരിക്കുകയാണ് യു.എ.ഇയിലെ ഇൻകാസ് യൂത്ത് വിംഗ്. യു.എ.ഇയിൽ രക്തദാന മേഖലയിലെ സജീവ സാന്നിദ്ധ്യമായ ബ്ലഡ് ഡോണേഴ്സ് കേരളയുമായി കൈകോർത്ത് ഇൻകാസ് യൂത്ത് വിംഗ് എമർജൻസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
കൂടുതൽ യുവാക്കളെ രക്തം ദാനം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊവിഡ് സമയത്ത് തുടർച്ചയായി രണ്ടാം മാസത്തിലും രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഇൻകാസ് യൂത്ത് വിംഗ് അദ്ധ്യക്ഷൻ ഹൈദർ തട്ടത്താഴത്ത് പറഞ്ഞു. രക്തദാനം സംഘടിപ്പിച്ചതിന് ഡി.എച്ച്.എയുടെ സാക്ഷ്യപത്രം ഇൻകാസ് യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് മിർഷാദ് നുള്ളിപ്പാടി ഏറ്റുവാങ്ങി.
ദുബായിൽ ലോക്ക് ഡൗണിനോട് അനുബന്ധിച്ചും തുടർന്നും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിവിധ വിഭാഗങ്ങളിലെ ആളുകൾക്ക് കൈത്താങ്ങായി ഇൻകാസ് യൂത്ത് വിംഗ് സന്നദ്ധ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നത്. വിസിറ്റിംഗ് വിസയിൽ എത്തി നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിക്കാത്തവർക്കും ജോലി നഷ്ടപ്പെട്ടവർക്കും കഴിഞ്ഞ ഒരു മാസമായി പാകം ചെയ്ത ഭക്ഷണവും ഭക്ഷണ പദാർഥങ്ങളുടെ കിറ്റും എത്തിച്ച് നൽകിവരുന്നുണ്ട്. റമദാൻ ആരംഭിച്ച ശേഷം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ദിവസേന ഇഫ്‌താർ കിറ്റുകളും നൽകിയിരുന്നു.
യൂത്ത് വിംഗ് പ്രവർത്തനങ്ങൾക്ക് ജിജോ ചിറക്കൽ, സനീഷ് കുമാർ,മിർഷാദ് നുള്ളിപ്പാടി, ബിബിൻ ജേക്കബ്, ഫിറോസ് കാഞ്ഞങ്ങാട്,ആലംഷാ,ഷരീഫ് വേങ്ങര, അനീസ് വേങ്ങര, മഹ്‌റൂഫ്,ശ്യംകുമാർ,ജംഷാദ്,ഷഫീഖ് ചാലിശേരി എന്നിവരാണ് നേതൃത്വം നൽകുന്നത്.