വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ കൂടുതലായി എത്തുന്നതോടെ കൊവിഡ് കേസുകൾ ക്രമാതീതമായി ഉയർന്നേക്കുമെന്ന ആശങ്ക ശരിവയ്ക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ഇപ്പോൾ രോഗനില. സംസ്ഥാനം കൊവിഡിന്റെ സമൂഹ വ്യാപനത്തിന്റെ വക്കിലെത്തിനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പങ്കുവച്ച ആശങ്ക ഏവരും അതീവ ഗൗരവത്തോടെ ഉൾക്കൊള്ളണം. ഇനിയും കൂടുതൽപേർ വരാനിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ കേസുകളും പ്രതീക്ഷിക്കാം. അംഗീകൃത മാർഗങ്ങളിലൂടെ എത്തുന്നവരെ സ്വീകരിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനും സർക്കാർ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ഇതോടൊപ്പംതന്നെ അയൽനാടുകളിൽനിന്ന് ചെക്ക് പോസ്റ്റുകൾ വഴിയല്ലാതെ ധാരാളംപേർ എത്തുന്നുണ്ടെന്നാണ് വിവരം. രോഗത്തിന്റെ സമൂഹവ്യാപനത്തിന് എളുപ്പത്തിൽ വഴിയൊരുക്കുന്നതാണ് ഇത്തരം യാത്രകൾ. അതുപോലെ അപകടകരമാണ് കൊവിഡ് നിയന്ത്രണങ്ങൾ വകവയ്ക്കാതെയുള്ള ചിലരുടെ പെരുമാറ്റം. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകൾ വന്നതോടെ അതിതീവ്രത മേഖലകളിലൊഴികെ മറ്റെല്ലായിടത്തും വീണ്ടും ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ആളുകൾ കൂട്ടമായി പുറത്തിറങ്ങാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കെട്ടുപൊട്ടിച്ച നിലയിലാവുകയാണ്. ജനങ്ങളുടെ നിത്യജീവിതം ഭംഗപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇളവുകൾ നൽകിയിരിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഉണ്ടായാൽ ജനങ്ങൾക്കുതന്നെയാണ് അതിന്റെ കേട്. വീടുകളിൽനിന്ന് പുറത്തിറങ്ങുന്ന ഒാരോരുത്തരും സദാ ഒാർക്കേണ്ട കാര്യമാണിത്. സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത് രോഗവ്യാപനം തടയാൻവേണ്ടിയാണ്. അറിഞ്ഞോ അറിയാതെയോ അത് ലംഘിച്ചാൽ സമൂഹത്തിനാകമാനമാകും അപകടമുണ്ടാകുന്നത്. രോഗാണുക്കളെ ചെറുക്കാൻവേണ്ടിയാണ് എല്ലാവരും മാസ്.ക്..ധരിക്കണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. ഭൂരിപക്ഷംപേരും നിർദ്ദേശം പാലിക്കുമ്പോൾ ചെറിയൊരുവിഭാഗം മാറിനിൽക്കുന്നു. ഇതിലൂടെ പൊലീസിന്റെ ജോലി വർദ്ധിപ്പിക്കുന്നുവെന്നുമാത്രമല്ല, രോഗവ്യാപനത്തെ അറിഞ്ഞുകൊണ്ടു സഹായിക്കുകകൂടിയാണ്. അതുപോലെ ക്വാറന്റൈൻ നിബന്ധനകൾ ലംഘിക്കാൻ മുതിരുന്നവരുമുണ്ട്. കൊവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്തവർ മാത്രമേ ഇങ്ങോട്ടുവരാവൂ എന്ന നിഷ്‌കർഷ വച്ചത് വ്യവസ്ഥാപിതമായ രീതിയിൽ നിരീക്ഷണവും തുടർ നടപടികളും ഒരുക്കാൻ വേണ്ടിയാണ്. അനധികൃത വഴികളിലൂടെ എത്തുന്നവർക്ക് 28 ദിവസത്തെ നിർബന്ധിത ക്വാറന്റൈനും പിഴയും ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് രഹസ്യവഴികളിലൂടെ നിരവധിപേർ ഇതിനകം എത്തിയിട്ടുണ്ട്. രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിന്നെത്തുന്നവരും കൂട്ടത്തിലുണ്ട്. രോഗം പടർത്തുന്നതിന് അറിഞ്ഞുകൊണ്ട് സഹായിക്കുകയാണ് ഇക്കൂട്ടുർ ചെയ്യുന്നത്. അധികൃതരുടെ കണ്ണിൽപെടാതെ അന്യദേശത്തു നിന്നെത്തി ഇവിടെ തങ്ങുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ സമൂഹത്തിലുള്ളവരും തയ്യാറാകണം. എന്നാൽ മാത്രമേ രോഗത്തിന്റെ സമൂഹ വ്യാപനം തടയാനാവൂ.
രഹസ്യമാർഗങ്ങളിലൂടെ ആളുകൾ എത്തുന്നത് തടയാൻ വർദ്ധിച്ച ജാഗ്രത ആവശ്യമായി വന്നിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരും പൊലീസും അതിർത്തിവഴികൾ സദാ നിരീക്ഷിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതിയുണ്ടാകും. ഇപ്പോഴത്തെ ഗുരുതര സാഹചര്യം നേരിടാനുള്ള സർക്കാർ യത്‌നങ്ങൾക്ക് പ്രതിപക്ഷവും സർവ്വ പിന്തുണയുമായി കഴിഞ്ഞദിവസം രംഗത്തുവന്നത് നന്നായി. പ്രതിപക്ഷത്തെ ജനപ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോൺഫറൻസിലാണ് സർക്കാരിനൊപ്പം തങ്ങളും ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാക്കൾ ഉറപ്പുനൽകിയത്. ഇത്തരമൊരു പരീക്ഷണഘട്ടത്തിൽ രാഷ്ട്രീയത്തിനതീതമായ സഹകരണവും കൂട്ടായ്മയുമാണ് വേണ്ടത്. ദുരിതാവസ്ഥയിൽനിന്ന് ജനങ്ങളെ കരകയറ്റാനുള്ള യത്‌നങ്ങൾ അധികാരത്തിലിരിക്കുന്നവരുടെ മാത്രം ചുമതലയല്ലെന്ന് ഒാർക്കണം. പ്രാദേശിക തലത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ്തല സമിതികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സമിതികൾക്ക് മാർഗനിർദ്ദേശവും സഹായങ്ങളും നൽകാൻ പ്രതിപക്ഷത്തെ എം.എൽ.എമാരും എം.പിമാരും മുന്നോട്ടുവരണം. ഒറ്റക്കെട്ടായി നിൽക്കേണ്ടതിന്റെ പ്രാധാന്യം ആരും പറയാതെതന്നെ ഏവർക്കും ബോദ്ധ്യമായ കാര്യമാണ്. മുഖ്യമന്ത്രി വിളിച്ച് പ്രതിപക്ഷ ജനപ്രതിനിധികളുടെ യോഗം നാല് എം.പിമാർ ബഹിഷ്കരിച്ചുവെന്ന വാർത്ത ഇത്തരുണത്തിൽ ഖേദകരമെന്നുതന്നെ പറയണം. കൊവിഡ് പ്രശ്നത്തിൽ ഇതുവരെ എം.പിമാരെ വിളിച്ച് കൂടിയാലോചന നടത്താത്തതിൽ പ്രതിഷേധിച്ചായിരുന്നുവത്രെ അപലപനീയമായ ഇൗ ബഹിഷ്കരണം. ലോകം ഒന്നാകെ അത്യന്തം ഭീകരമായൊരു മഹാമാരി നേരിടുമ്പോൾ ഇതുപോലുള്ള നിലപാടുമായി ജനപ്രതിനിധികൾ മുന്നോട്ടുവരുന്നത് അംഗീകരിക്കാൻ അധികംപേരെ കിട്ടുകയില്ല. സ്വന്തം അല്പത്തരം വെളിവാക്കാൻ മാത്രമേ ഇത്തരം സമീപനം ഉപകരിക്കുകയുള്ളു.
വിദേശങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി ഇതിനകം ഒരുലക്ഷത്തിലേറെപ്പേർ എത്തിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകളും വിമാനങ്ങളും സർവീസ് നടത്താൻ ഒരുങ്ങുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ സംഖ്യ വൻതോതിൽ ഉയരാൻ സാദ്ധ്യതയുണ്ട്. ഇനി എത്തുന്ന പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വയം വഹിക്കേണ്ടിവരുമെന്നാണ് സർക്കാർ തീരുമാനം. ക്വാറന്റൈനു വേണ്ടിവരുന്ന ഭീമമായ ചെലവ് അപ്പാടെ താങ്ങാൻ സർക്കാരിന് കഴിയാതെ വരുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. പാവപ്പെട്ടവർക്ക് കൂടി താങ്ങാനാവുന്ന വിധത്തിലാകും ക്വാറന്റൈൻ ചെലവ് നിശ്ചയിക്കുക. ഉദാരമതികളായ സംഘടനകൾക്കും വ്യക്തികൾക്കും ഇൗ ചെലവ് ഏറ്റെടുക്കാവുന്നതാണ്. വലിയൊരു പുണ്യപ്രവൃത്തിയാകും അത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കൊവിഡ് ബാധിതരുടെ സംഖ്യ ഗണ്യമായി ഉയർന്നത് വലിയ അപായ സൂചനയായിവേണം കാണാൻ. കർക്കശമായ ക്വാറന്റൈനും കൊവിഡ് മാർഗനിർദ്ദേശങ്ങളും ഒരു പിഴവുമില്ലാതെ പാലിക്കാൻ നിർബന്ധിക്കുന്നതാണ് പുതിയ സാഹചര്യങ്ങൾ. ഒരുലക്ഷത്തിലേറെപ്പേരാണ് നിരീക്ഷണത്തിലുള്ളത്. മരണസംഖ്യ പിടിച്ചുനിറുത്താൻ കഴിയുന്നുണ്ടെന്നുള്ളതാണ് ഏറ്റവും ആശ്വാസകരം. പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ കൈക്കൊണ്ട ഉറച്ച നടപടികളുടെ ഫലമാണത്.