അഹമ്മദാബാദ്: കൊവിഡ് ബാധിച്ചവർക്ക് രോഗം ഇല്ലാതാക്കാനായി പഞ്ചഗവ്യം പരീക്ഷിക്കാനൊരുങ്ങി ഗുജറാത്ത് സർക്കാർ. പാല്‍, നെയ്യ്, തൈര്, ചാണകം, ഗോമൂത്രം എന്നിവ ചേർന്ന മിശ്രിതമാണ് രോഗികളിൽ സർക്കാർ പരീക്ഷിക്കാനൊരുങ്ങുന്നത്.
പഞ്ചഗവ്യം നൽകുന്നതിന്റെ ക്ലിനിക്കൽ ട്രയൽ ഉടൻ നടക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ ഡോ. വല്ലഭ് കത്തിരിയ പറഞ്ഞു.എന്നാൽ ഇത് എന്നുണ്ടാവുമെന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.രോഗം മാറ്റാനുള്ള പഞ്ചഗവ്യത്തിന്റെ കഴിവ് നൂറ്റാണ്ടുകളായി ഇന്ത്യക്ക് അറിയാമായിരുന്നു, എങ്കിലും ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ ഇതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ലെന്ന് കത്തിരിയ പറഞ്ഞു. .ആദ്യമായാണ് പരമ്പരാഗത ആയുർവേദ മരുന്ന് കൊവിഡ് രോഗത്തിന് പരീക്ഷിക്കുന്നത്.
ആദ്യ ഘട്ടത്തിൽ10 ആശുപത്രികളിലാണ് മരുന്ന് പരീക്ഷണം. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമായ രാജ്‌കോട്ടിലെ സിവിൽ ആശുപത്രിയിലാണ് ആദ്യം പരീക്ഷിക്കുന്നത്. പഞ്ചഗവ്യം പ്രയാസമില്ലാതെ എളുപ്പത്തിൽ കഴിക്കാവുന്ന രീതിയിലാവും നൽകുക. 15ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും മരുന്ന് ഫലപ്രദമാണോ എന്ന നിഗമനത്തിലെത്തുക.സർക്കാരിന്റെ നീക്കത്തെ എതിർത്തും അനുകൂലിച്ചും ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. പരീക്ഷണത്തിന് ബി.ജെ.പിയുടെ പൂർണ പിന്തുണയുമുണ്ട്.