ആറ്റിങ്ങൽ: നഗരസഭയുടെ ആലംകോട് മത്സ്യ മാർക്കറ്റിനു സമീപം ലോക്ക്ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുമായി നഗരസഭ.ലോക്ക്ഡൗൺ ലംഘിച്ച് കച്ചവടത്തിന് ശ്രമിച്ച വാഹനങ്ങളും മത്സ്യവും നഗരസഭാ ചെയർമാൻ എം. പ്രദീപിന്റെ നിർദ്ദേശ പ്രകാരം സെക്രട്ടറി എസ്.വിശ്വനാഥൻ,ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സിദ്ദിഖ് എന്നിവരടങ്ങിയ സംഘം പിടിച്ചെടുത്തു.ഇതരസംസ്ഥാനങ്ങളിൽ നിന്ന് മത്സ്യവുമായി എത്തിയ നാലോളം കണ്ടയ്നർ ലോറികളാണ് പിടികൂടിയത്.കൊവിഡ് ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് മാസത്തിലേറെയായി നഗരസഭ മാർക്കറ്റ് പൂട്ടിയിട്ടിയിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് ഇതരസംസ്ഥാനങ്ങളിലെ റെഡ് സോണുകളിൽ നിന്നും യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ വാഹനങ്ങളും ജീവനക്കാരും മാർക്കറ്റിൽ എത്തിയത്.നിയമലംഘനം നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.