bulgaria

സോഫിയ : ജൂൺ ഒന്നു മുതൽ റസ്‌റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ പൂർണമായി തുറക്കാൻ ഒരുങ്ങി ബൾഗേറിയ. തിയേറ്റർ പരിപാടികൾ, കൺസേർട്ടുകൾ, സ്‌റ്റേജ് പരിപാടികൾ എന്നിവയും നിയന്ത്രണങ്ങളോടെ ആരംഭിക്കും. ബാലെ ഉൾപ്പെടെയുള്ള ഡാൻസ് ക്ലാസുകൾ ഭാഗികമായി തുടങ്ങും.

അതേ സമയം, പിയാനോ ബാറുകളും നൈറ്റ് ക്ലബുകളും ജൂൺ 14 വരെ അടഞ്ഞ് കിടക്കും. യൂറോപ്പിൽ കൊവിഡ് ശക്തമായി ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് ബൾഗേറിയ. ഇതേവരെ 2,460 പേർക്കാണ് ബൾഗേറിയയിൽ രോഗം സ്ഥിരീകരിച്ചത്. 133 പേർ മരിച്ചു. മേയ് 5 മുതൽ തന്നെ റെസ്‌റ്റോറന്റുകൾ, ബാറുകൾ, കഫേകൾ എന്നിവ ഔട്ട്ഡോർ സജ്ജീകരണങ്ങളോടെ ഉപാധികളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു.

മാർച്ച് 14നാണ് ബൾഗേറിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഏപ്രിൽ അവസാനം മുതൽ ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ചു തുടങ്ങിയിരുന്നെങ്കിലും രോഗ വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നു. 70 ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള ബൾഗേറിയയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക്, സാമൂഹ്യ അകലം എന്നിവ നിർബന്ധമാണ്.