വർക്കല: ചെറുന്നിയൂർ കുന്നിക്കോട് ക്ഷേത്രത്തിന് സമീപം പന്തുവിള റോഡിൽ അപകടം പതിവാകുന്നു. കോൺക്രീറ്റ് ഇടറോഡിൽ പായൽ പിടിച്ചതാണ് അപകടങ്ങൾ ഉണ്ടാകാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. നൂറോളം കുടുംബങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പായലിൽ തെന്നിവീണ് പരിക്കേറ്റ വൃദ്ധർ ഉൾപ്പെടെയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്. റോഡിലെ പായൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാരും വിവിധ സംഘടനകളും അധികൃതർക്ക് നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. മഴക്കാലമായതോടെ റോഡിലെ പായൽ കൂടുതൽ അപകടാവസ്ഥയിലാണ്. സഞ്ചാര സുരക്ഷ ഉറപ്പാക്കുന്നതിന് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് കൈരളി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അയന്തി ശ്രീകുമാർ പഞ്ചായത്തിന് നിവേദനം നൽകി. പായൽ പിടിച്ച റോഡിന്റെ അപകടാവസ്ഥ ഒഴിവാക്കുന്നതിന് വരുംദിവസങ്ങളിൽ നടപടി സ്വീകരിക്കുമെന്ന് ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.നവപ്രകാശ് അറിയിച്ചു.