road-1

പാലോട്: നിർമാണം തുടങ്ങി രണ്ട് വർഷമായിട്ടും മോക്ഷം കിട്ടാതെ ചെറ്റച്ചൽ മുതൽ നന്ദിയോട് വരെയുള്ള റോഡ്. സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി 2018ൽ 9.86 കോടി രൂപയാണ് റോഡിന്റെ പുനർനിർമാണത്തിനായി അനുവദിച്ചിരുന്നത്. നിലവിൽ കാൽനടയാത്രപോലും ഈ റോഡിൽ ദുഷ്കരമാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് 2019 ഡിസംബറിൽ റോഡിന്റെ പണിപൂർത്തിയാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും റോഡിന് മാറ്റമില്ല. റോഡ് മീതികൂട്ടി സൈഡ് വാൾ, ഓട, വീടുകളുടെയും കടകളുടെയും സ്ളാബുകൾ എന്നിവ നിർമിച്ച് നൽകണമെന്നാണ് സർക്കാർ നിർദേശം. 6800 മീറ്റർ ഓടയാണ് നിർമിക്കാനുള്ളത്. ഓട നിർമാണത്തിനായി മരം മുറിച്ച് മാറ്റിയവരും സ്ഥലം നൽകിയവരും വീടുകളിലേക്ക് കയറണമെങ്കിൽ സ്വന്തമായി വഴി നിർമിക്കണം. സാമ്പത്തികമായി മുന്നാക്കമുള്ളവർ സ്വന്തം കാശിന് സ്ളാബുകൾ നിർമിച്ചു. എന്നാൽ അതിന് കഴിയാത്തവർ മരക്കഷ്ണങ്ങളും പലകകളും ഉപയോഗിച്ച് താത്കാലിക വഴിയൊരുക്കി. റോഡിന്റെ നവീകരണത്തിനായി വശങ്ങളിലെ മണ്ണിടിച്ചതും നാട്ടുകാർക്ക് ദുരന്തമായി മാറി. മഴ കനത്തതോടെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് റോഡ് ചെളിക്കുളമായി,​ കാൽനടയാത്രപോലും ഇവിടെ ദുഷ്കരമാണ്. റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി നിലവിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനായി ബോർഡിന് എസ്റ്റിമേറ്റനുസരിച്ചുള്ള തുക കരാറുകാരൻ നൽകിയെങ്കിലും പോസ്റ്റുകൾ ഇതു വരെ മാറ്റിയിട്ടില്ല. വൈദ്യുതി ബോർഡ് അധികൃതർ ടെൻഡർ നടപടികൾ പൂർത്തിയാക്കത്തതാണ് കാരണമെന്നും ആക്ഷേപമുണ്ട്. ചെറ്റച്ചൽ നന്ദിയോട് റോഡ് നിർമാണത്തോടൊപ്പം 26 ലക്ഷത്തോളം മുടക്കി നിർമാണം നടക്കുന്ന പാലുവള്ളി റോഡിന്റെയും അവസ്ഥ പരിതാപമാണ്.

റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി പുറംപോക്കിലെ മണ്ണ് ഇടിച്ച് മാറ്റിയിരുന്നു. എന്നാൽ കൃത്യമായി സൈഡ് വാൾ നിർമിക്കാതെ വന്നതോടെ സമീപത്തെ സ്വകാര്യവസ്തുവിൽ നിന്നുള്ള മണ്ണും റോഡിലേക്ക് ഇടിഞ്ഞുവിഴുകയാണ്. നിലവിൽ 5 കിലോമീറ്റർ ഓട നിർമാണം പൂർത്തിയായി. ശേഷിക്കുന്ന 2 കിലോമീറ്റർ ഓട കൂടി നിർമിക്കാനുണ്ട്. എന്നാൽ ഓടയ്ക്ക് മുകളിലിടേണ്ട സ്ലാബുകൾ ഇതുവരെ എങ്ങും സ്ഥാപിച്ചിട്ടില്ല. പച്ച ജംഗ്ഷനിൽ 6 മീറ്റർ നീളമുള്ള വലിയപാലത്തിന്റെ നിർമാണം കഴിഞ്ഞു. എന്നാൽ 3 മീറ്റർ നീളമുള്ള പാലത്തിന്റെ ഒരു വശത്തിന്റെ നിർമാണം നടന്നിട്ട് 7 മാസമായി. മറുവശം ഇതുവരെ നടന്നിട്ടില്ല. റോഡ് നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടുമില്ല.

സൈഡ് വാൾ നിർമാണത്തിനായി ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തതോടെ നന്ദിയോട് മുതൽ പാലുവള്ളി യു.പി.എസ് വരെയുള്ള വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ പൊട്ടി ഇതോടെ കഴിഞ്ഞ രണ്ട് വർഷമായി ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയം കിണർവെള്ളം മാത്രമായി. വരൾച്ച എത്തുമ്പോൾ ദൂരെസ്ഥലങ്ങളിൽ നിന്നും വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ.