കൊവിഡ്ക്കാലം ജനങ്ങളുടെ ഫാഷനിലും വസ്ത്രധാരണരീതിയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ട്. വിശ്വസിക്കാൻ പ്രയാസമായി തോന്നുന്നുണ്ടോ? കൊവിഡ് 19നെ നേരിടാൻ ലോകം കഷ്ടപ്പെടുമ്പോഴും നമ്മൾ അറിഞ്ഞോ അറിയാതെയോ മാസ്കുകൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കയ്യുറകളും അതിവേഗം അടുത്തതായി പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ഇതാദ്യമായല്ല ഒരു രോഗാവസ്ഥ വസ്ത്രം ധരിക്കുന്ന രീതിയെ സ്വാധീനിക്കുന്നത്. നൂറ്റാണ്ടുകളായി, ആളുകൾ ഈ വിദ്യ ഉപയോഗിച്ച് വരികയാണ്.
സിഫിലിസിനെ ചെറുക്കാൻ വിഗ്
പതിനേഴാം പതിനെട്ടും പതിനെട്ടാം നൂറ്റാണ്ടിലും പാശ്ചാത്യ ലോകത്തിലെ ആളുകൾ റിബണുകൾ സഹിതം അടങ്ങിയ വിഗ്ഗുകൾ ധരിച്ചിരുന്നു. പണ്ട് കഷണ്ടി മറയ്ക്കുന്നതിനുള്ള ഒരു മാർഗമായി വിഗ്ഗുകൾ നിലവിലുണ്ടായിരുന്നുവെങ്കിലും, അവ വളരെയേറെ പ്രചാരത്തിലായത്, പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിലുടനീളം സിഫിലിസ് വ്യാപിച്ചപ്പോഴാണ്.
ഇത് മൂലം വ്രണം, അന്ധത, എന്നിവയോടൊപ്പം ഇത് മുടി കൊഴിച്ചിലിനും കാരണമായി. ഇത് രോഗത്തിന്റെ അടയാളങ്ങൾ മറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗമായി കണക്കാക്കപ്പെട്ടു. ശുചിത്വ പ്രശ്നങ്ങൾ മൂലം പേൻ ശല്യവും പ്രധാന പ്രശ്നമായി മാറിയതോടെ പ്രമുഖർ അവരുടെ മുടി മുറിച്ചു. വിഗ് അങ്ങനെ വീണ്ടും ദെെനം ദിന ജീവിതത്തിന്റെ ഭാഗമായി.
പോക്സിന് മുകളിൽ പെയിന്റ്
പതിനേഴാം നൂറ്റാണ്ടിൽ ഇത്രയധികം സ്ത്രീകൾക്ക് ചോക്ക് പോലെ വെളുത്ത മുഖങ്ങളുള്ളത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് ക്ലാസ്സിന്റെ പ്രതീകമായി കണക്കാക്കപ്പെട്ടിരുന്നു - വിളറിയ മുഖം ഒരിക്കലും വെയിലിൽ ജോലി ചെയ്യേണ്ടതില്ല എന്നതിന്റെ തെളിവായി കണക്കാക്കപ്പെട്ടു. (ആ ദിവസങ്ങളിൽ ദാസന്മാർ മാത്രമേ അത് ചെയ്തിരുന്നുള്ളു). എന്നാൽ പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പൊട്ടിപ്പുറപ്പെട്ട സ്മോൾ പോക്സിന് ഇതിൽ ഒരു പങ്കുണ്ടെന്ന് വിശ്വസിക്കാൻ കാരണമുണ്ട്.
സ്മോൾ പോക്സിന് ഇരയായവർക്ക് അത് മുഖത്ത് അടയാളങ്ങളുണ്ടാക്കി, അത് മറയ്ക്കാൻ ഫെയ്സ് പെയിന്റ് ഉപയോഗിച്ചു. ഫെയ്സ് പെയിന്റ് ഒരു പ്രധാന ഫാഷനായതിന് പിന്നിൽ ഒരു കഥയുണ്ട്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെ 1562-ൽ സ്മോൾ പോക്സ് ബാധിച്ചു. പിന്നീട് സുഖം പ്രാപിച്ചെങ്കിലും അവരുടെ സുന്ദരമായ ചർമ്മം പാടുകളാൽ മൂടപ്പെട്ടിരുന്നു. അതിനുള്ള പരിഹാരമായി ഉപയോഗിച്ചത് വിനാഗിരിയും ഈയവും ചേർന്ന “വെനീഷ്യൻ സെറൂസ്” ആയിരുന്നു. എന്നാൽ ഇതിലെ ഈയം വിഷബാധയ്ക്ക് കാരണമായി.
പ്ളേഗും ഫാഷനും
വെനീസിലെ പ്രസിദ്ധമായ കാർണിവലിനിടെ കണ്ട ഏറ്റവും സാധാരണമായ മാസ്കുകളിലൊന്ന് നീളമുള്ള കൊക്കിന്റെ ആകൃതിയിലാണ്. ഇറ്റാലിയൻ നാടകവേദികളിലും ഇത് ധരിച്ചിരുന്നു. ഇതിനെ മെഡികോ ഡെല്ലെ പെസ്റ്റെയുടെ മാസ്ക് എന്ന് വിളിക്കുന്നു. “കീടങ്ങളുടെ മരുന്ന്” അതിലും ലളിതമായി പ്ലേഗ് ഡോക്ടർ എന്നാണ് ഇതിന്റെ അർത്ഥം.
1619 ൽ ഫ്രഞ്ച് ഡോക്ടർ ചാൾസ് ഡി ലോർം (ലൂയി പന്ത്രണ്ടാമനെ ചികിത്സിക്കുന്നതിൽ പ്രശസ്തൻ) രൂപകൽപ്പന ചെയ്ത വസ്ത്രധാരണത്തിന്റെ ഒരു ഭാഗം മാത്രമാണ് ഈ കൊക്ക്. ഒരു സൈനികന്റെ കവചത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് രൂപകൽപ്പന ചെയ്തത്. മാരകമായ ബ്യൂബോണിക് പ്ലേഗ് രോഗികളെ ചികിത്സിക്കുന്നവർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചത്.
കഴുത്തിൽ നിന്ന് കണങ്കാൽ വരെയെത്തുന്ന മെഴുക് കൊണ്ട് പൊതിഞ്ഞ നീളമുള്ള ലെതർ കോട്ട് ഈ വസ്ത്രത്തിൽ ഉണ്ടായിരുന്നു. അര അടി നീളമുള്ള കൊക്കിന് പുറമെ കണ്ണടയും തുകൽ കൊണ്ട് നിർമ്മിച്ച തൊപ്പിയും ഉണ്ടായിരുന്നു. കൊക്ക് വായുവിലെ വിഷമോ നീരാവിയോ ഫിൽട്ടർ ചെയ്യുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു (അക്കാലത്ത്, വായുവിലെ വിഷങ്ങളാൽ പ്ലേഗ് പടരുന്നുവെന്നായിരുന്നു വിശ്വാസം - അണുക്കൾ അജ്ഞാതമായിരുന്നു).
ക്ഷയരോഗം നല്ലതോ
മാരകമായ ഒരു രോഗത്തെ എപ്പോഴെങ്കിലും അഭികാമ്യമായി കണക്കാക്കാമോ?വിശ്വസിച്ചാലും ഇല്ലെങ്കിലും, യൂറോപ്പിൽ സാഹിത്യവും നാടകങ്ങളും (പ്രത്യേകിച്ച് ലാ ട്രാവിയാറ്റ) രോഗത്തെ ഗ്ലാമറൈസ് ചെയ്തു - വളരെ നേർത്തതും, ഇളം നിറമുള്ളതും, തിളങ്ങുന്ന കണ്ണുകളും, ചുവന്ന ചുണ്ടുകളും - സൗന്ദര്യത്തിന്റെ ആശയവുമായി പൊരുത്തപ്പെടുന്ന രോഗലക്ഷണങ്ങളാണ് ക്ഷയ രോഗത്തിനുണ്ടായിരുന്നത്. ഒരു നിശ്ചിത കാലിബറിലെയും ക്ലാസിലെയും ആളുകളെ മാത്രമേ ഇത് ബാധിക്കൂ എന്ന ഒരു വിശ്വാസം പോലും ഉണ്ടായിരുന്നു - കവി കീറ്റ്സിന്റെ മരണം ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെട്ടു.
അമിത ചിന്തയോ അമിത നൃത്തമോ മൂലമാണ് ക്ഷയം ഉണ്ടാകുന്നതെന്ന് ചിലർ വിശ്വസിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ, ധാരാളം ആളുകൾ ക്ഷയരോഗം ബാധിച്ചവരെ അനുകരിക്കാൻ തുടങ്ങി. ഉയർന്ന അരക്കെട്ടുകളുള്ള നീളമുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങി. ആളുകൾ അവരുടെ മുഖം വെളുപ്പിക്കുകയും ചുണ്ടിൽ ചായവും വരച്ചു ചേർത്തു . മഹാനായ എഴുത്തുകാരൻ ഷാർലറ്റ് ബ്രോണ്ടെ പോലും ഇതിനെ “ആഹ്ലാദകരമായ രോഗം” എന്നാണ് വിശേഷിപ്പിച്ചത്.
മാസ്ക്ക് ശീലമാക്കിയ ജപ്പാൻ
കൊറോണയ്ക്ക് മുമ്പുതന്നെ ജപ്പാനിൽ മാസ്ക് ധരിക്കുന്നത് ഒരു ജീവിതരീതിയാണ്. കണക്കുകളനുസരിച്ച്, ഫെയ്‌സ് മാസ്കുകൾ ജപ്പാനിൽ ഒരു ദശലക്ഷം ഡോളർ ബിസിനസാണ്, അവ ജനസംഖ്യയുടെ ഗണ്യമായ അനുപാതത്തിൽ ധരിക്കുന്നു. തീർച്ചയായും, പലർക്കും, അവ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റാണ്, പ്രത്യേക ഡിസൈനുകളും പാറ്റേണുകളും ഉള്ള മാസ്കുകൾ ഉണ്ട്. എന്നിരുന്നാലും, ഫെയ്സ് മാസ്കിന്റെ ഉപയോഗം തുടങ്ങുന്നത് സ്പാനിഷ് ഫ്ലൂ പാൻഡെമിക്കിൽ നിന്നാണ്. ഇത് 1918 ൽ ജപ്പാനെ ബാധിക്കുകയും ആയിരക്കണക്കിന് പേർ കൊല്ലപ്പെടുകയും ചെയ്തു.
പാൻഡെമിക് അവസാനിച്ചപ്പോഴും, ഇത് മൂലമുണ്ടായ നിരവധി അലർജികൾ മാസ്ക് ഉപയോഗിക്കുന്നത് തുടരാൻ ആളുകളെ പ്രേരിപ്പിച്ചു. പിന്നീട് വ്യവസായവൽക്കരണവും മലിനീകരണവും വന്നു (ടോക്കിയോ ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിലൊന്നായിരുന്നു), നൂറ്റാണ്ടിന്റെ ആരംഭം ആയപ്പോഴേക്കും മാസ്ക് ജാപ്പനീസ് ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായി മാറി.