ന്യൂഡൽഹി: പാകിസ്ഥാന്റെ ചാരപ്രവർത്തനത്തിന്റെ ഭാഗമെന്ന് കരുതുന്ന പ്രാവിനെ പൊലീസ് പിടികൂടി. കാശ്മീരിലെ കത്വ ജില്ലയിലുള്ള ഹിറാ നഗർ സെക്ടറിൽ ഇന്ത്യാ - പാക് അതിർത്തിയോട് ചേർന്ന് താമസിക്കുന്ന ഗീതാ ദേവി എന്ന സ്ത്രീയാണ് ഈ പ്രാവിനെ കണ്ടെത്തിയത്. മേയ് 24ന് അവരുടെ വീടിനുള്ളിലേക്ക് ഈ പ്രാവ് പറന്നു കയറുകയായിരുന്നു. പ്രാവിന്റെ ദേഹത്ത് പിങ്ക് നിറം പൂശിയിരുന്നു. ഒപ്പം കാലിൽ ഒരു ഫോൺ നമ്പർ എഴുതിയ ലോഹ വളയവും ഘടിപ്പിച്ചിരുന്നു. ഗീതാദേവി ആദ്യം ഗ്രാമത്തലവനെ വിവരമറിയിക്കുകയും ഇയാൾ ഉടൻ തന്നെ കത്വയിലെ ലോക്കൽ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ബി.എസ്.എഫിന് കൈമാറിയ പ്രാവിനെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാവ് പാക് ചാരനാണോ എന്ന് ഇതേവരെ ഉറപ്പിച്ചിട്ടില്ല. അതേ സമയം, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ഉടമസ്ഥർ തങ്ങളുടെ വളർത്തുപ്രാവുകളുടെ കാലിൽ ഫോൺ നമ്പർ എഴുതിയ ടാഗ് ഘടിപ്പിക്കുന്ന പതിവുണ്ടത്രെ. അതിർത്തി കടന്ന് പക്ഷികൾ ദേശാടനം നടത്തുന്നത് പതിവാണ്.
എന്നാൽ കാലിൽ ലോഹവളയവുമായി ദേശാടനപക്ഷികൾ പറക്കാറില്ലെന്ന് പൊലീസ് പറയുന്നു. അന്വേഷണം പൂർത്തിയാകുന്നത് വരെ പ്രാവ് പൊലീസ് കസ്റ്റഡിയിൽ തുടരും. ഇതിന് മുമ്പ് പാക് ചാര പ്രാവുകളെ ഇന്ത്യയിൽ പിടികൂടിയിട്ടുണ്ട്. 2015ൽ അതിർത്തിയിൽ നിന്നും രണ്ടര മൈൽ അകലെയുള്ള മാൻവാൽ ഗ്രാമത്തിൽ പാകിസ്ഥാൻ ചാരപ്രവർത്തിയ്ക്ക് ഉപയോഗിച്ച പ്രാവിനെ കണ്ടെത്തിയിരുന്നു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു പ്രദേശവും ഫോൺ നമ്പറുകളും രേഖപ്പെടുത്തിയ സന്ദേശം പ്രാവിന്റെ വാലിൽ പതിപ്പിച്ചിരുന്നു.