break

വെഞ്ഞാറമൂട്: അധികാരികൾ മാറി മാറി വന്നിട്ടും ആനച്ചൽ - പള്ളിക്കുന്ന് നിവാസികളുടെ യാത്രാദുരിതത്തിന് മാത്രം അറുതി വന്നിട്ടില്ല. യാത്രാദുരിതവും പേറി 350ഓളം കുടുംബങ്ങളാണ് ഇവിടുള്ളത്. തകർന്നു തരിപ്പണമായി ഒരു ചെറു മഴയിൽ പോലും തടാകം പോലെയാകുന്ന റോഡിന്റെ ശോചനീയാവസ്ഥ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ആനച്ചൽ നിന്നും പള്ളിക്കൽ വരെയുള്ള 300മീറ്റർ റോഡാണ് സഞ്ചാര യോഗ്യമല്ലാതെയായിട്ട് ദശാബ്ദത്തിനോടടുക്കുന്നത്.

തകർന്ന റോഡ് സഞ്ചാരയോഗ്യമാക്കുകയാണെങ്കിൽ കിലോമീറ്ററുകളുടെ ലാഭമാണ് ഉണ്ടാകുന്നത്. ബസ് സർവീസ് ഇല്ലാത്തതിനാൽ മറ്റ് സ്വകാര്യ വാഹനങ്ങളെയാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്.

കുണ്ടിലും കുഴിയിലും കൂടിയുള്ള യാത്ര ആളുകളുടെ നടുവൊടിക്കും. അങ്കണവാടിയും പള്ളിയും സമീപത്തുണ്ട്. ഗർഭിണികളും കുഞ്ഞുങ്ങളുമായി അമ്മമാരുമൊക്കെ ജീവൻ പണയം വച്ചുവേണം ഈ റോഡിൽ കൂടി അങ്കണവാടിയിൽ പോഷകാഹാരം വാങ്ങാൻ പോകാൻ.

റോഡിന്റെ വശങ്ങളിൽ താമസിക്കുന്നവരുടെ സ്ഥിതിയാണ് പരമ ദയനീയം. മഴപെയ്താൽ റോഡിലെ മാലിന്യങ്ങളും വെള്ളവും ചെളിയുമെല്ലാം വീട്ടുമുറ്റത്തും വളർത്തുമൃഗങ്ങളുടെ തൊഴുത്തിലും നിറയും. ഇപ്പോഴത്തെ പ്രധാന പ്രശ്നം വെള്ളത്തിൽ കൂടി ഒഴുകി വരുന്ന ഇഴ ജന്തുക്കളാണ്. മൂർഖൻ ഉൾപ്പെടെയുള്ള പാമ്പുകളാണ് മാലിന്യത്തിലൂടെ ഒഴുകി എത്തുന്നത്. ഈ റോഡിനെ അവഗണിക്കുന്നു എന്നാരോപിച്ച് വാർഡ് മെമ്പർ കൂടിയായ ദീപു കഴിഞ്ഞ ദിവസങ്ങളിൽ അനിശ്ചിത നിരാഹാരം ആരംഭിക്കുകയും തുടർന്ന് ആശുപത്രിയിലാകുകയും ചെയ്തിരുന്നു.