pj-joseph

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും, കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പിന്തുണയറിയിച്ചും രംഗത്തെത്തിയ കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്റെ 'മനംമാറ്റം' യു.ഡി.എഫ് കേന്ദ്രങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നു.

കേരള കോൺഗ്രസിനകത്തെ ജോസ് കെ.മാണി- ജോസഫ് തർക്കം തുടരുന്നതും ,കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തർക്കത്തിൽ തീർപ്പുണ്ടാക്കാൻ യു.ഡി.എഫ് നേതൃത്വത്തിന് സാധിക്കാത്തതും ജോസഫിനെ മനംമാറ്റത്തിന് പ്രേരിപ്പിച്ചതായാണ് സൂചന. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മദ്ധ്യസ്ഥ ശ്രമത്തിനിറങ്ങിയെങ്കിലും കാര്യമായ ഫലമുണ്ടായിട്ടില്ല.

വേണ്ടി വന്നാൽ യു.ഡി.എഫ് വിടാനുള്ള തീരുമാനത്തിൽ ജോസഫ് രണ്ടും കല്പിച്ച് നില്പാണെന്ന് അദ്ദേഹത്തോടടുപ്പമുള്ളവർ സൂചിപ്പിക്കുന്നു. ഇറങ്ങിനിൽക്കാനുള്ള സൂചന അദ്ദേഹം കൂടെയുള്ളവരിൽ പലർക്കും നൽകിക്കഴിഞ്ഞതായാണ് വിവരം. ഇതിന് തടയിടാനുള്ള അണിയറനീക്കങ്ങൾ കോൺഗ്രസ് നേതൃത്വവും ആരംഭിച്ചു. ജോസഫിനൊപ്പമുള്ളവരിൽ, ഇടതുമുന്നണിക്കൊപ്പം പോകുന്നതിനോട് വൈമനസ്യമുള്ളവരെ പിളർത്തിയെടുക്കാനാണ് ശ്രമം.

അതേ സമയം, ജോസഫിന്റെ തിരിച്ചുവരവ് ഗുണമാകുമെന്ന വിലയിരുത്തൽ ഇടത് കേന്ദ്രങ്ങളിൽ, പ്രത്യേകിച്ച് സി.പി.എമ്മിലുണ്ട്. കാലങ്ങളായി ഒപ്പം തുടരുന്നവർക്ക് പുറമേ, ജോസ് കെ.മാണിയോട് എതിർപ്പുള്ള പഴയ മാണിവിഭാഗക്കാരും, ജേക്കബ് ഗ്രൂപ്പ് പിളർത്തിയെത്തിയ ജോണിനെല്ലൂർ വിഭാഗവും ഇടതുമുന്നണിയിലെ ജനാധിപത്യ കേരള കോൺഗ്രസിനെ പിളർത്തിയെത്തിയ ഫ്രാൻസിസ് ജോർജ് വിഭാഗവും ഇപ്പോൾ ജോസഫിനൊപ്പമാണ്.