കല്ലമ്പലം : തോട്ടയ്ക്കാട് പാലത്തിനു സമീപം കാർ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം പേരൂർക്കട ശ്രീധന്യാ ഹെവൻസിൽ കിഷോർ ബാബു (53), ഭാര്യ പ്രിയ (50), മക്കളായ കാർത്തിക (24), ദേവിക (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. പ്രദേശവാസിയായ മാനസികരോഗി കാറിനു നേരെ കല്ലെറിയാൻ ശ്രമിച്ചതാണ് അപകട കാരണം. ഭയന്ന് കാർ വെട്ടിത്തിരിച്ചപ്പോൾ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. കാറിൽ നിന്നു നാട്ടുകാർ പണിപ്പെട്ടാണ് ഇവരെ പുറത്തെടുത്തത്. നാലുപേരെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുടുംബവുമായി ഹരിപ്പാട് ബന്ധുവീട്ടിൽ പോകുകയായിരുന്നു. കാർത്തികയാണ് കാറോടിച്ചിരുന്നത്.