വിതുര: അമേരിക്കൻ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ ഡെപ്യൂട്ടി അസിസ്റ്റന്റും ഒബാമയെ അധികാരത്തിലെത്തിക്കാൻ കാരണമായ ' ഒബാമ ഫോർ അമേരിക്ക ' കാമ്പെയിനിന്റെ ഉപജ്ഞാതാവുമായ ഹെൻട്രി എഫ്. ഡിസിയോയുമായി സംവദിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ ഡി.ആർ നായർ. വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് ദിയ. മികച്ച നയതന്ത്രജ്ഞനും എഴുത്തുകാരനുമായ ഹെൻട്രി ഡിസിയോയുമായി 21നാണ് സംസ്ഥാനത്തെ തിരഞ്ഞെടുത്ത അഞ്ച് കേഡറ്റുകളുമായി സംവദിച്ചത്. ഐ.ജി പി. വിജയൻ നേതൃത്വം നൽകുന്ന മിഷൻ ബെറ്റർ ടുമോറോ എന്ന എൻ.ജി.ഒയാണ് ' യംഗ് ചെയ്ഞ്ച് മേക്കേഴ്സ് ' എന്ന പദ്ധതിയുടെ ഭാഗമായി സംവാദത്തിനുള്ള അവസരമൊരുക്കിയത്. അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ സൂം ആപ്ലിക്കേഷൻ വഴിയുള്ള ലൈവ് പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു. വിതുര സ്‌കൂളിലെ മികച്ച സ്റ്റുഡന്റ് പൊലീസ് കേഡറ്റായ ദിയ റേഡിയോജോക്കി, അവതാരക, പ്രഭാഷക തുടങ്ങിയ മേഖലകളിൽ കഴിവു തെളിയിച്ചിട്ടുണ്ട്. സംവാദത്തിൽ പങ്കെടുത്ത ദിയയെ കെ.എസ്. ശബരീനാഥൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ദിവ്യ എസ്.അയ്യർ തുടങ്ങിയവർ അഭിനന്ദിച്ചു. വിതുര ആനപ്പാറ ദീപ്‌തിയിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ രവീന്ദ്രൻ നായരുടെയും ദീപയുടെയും മകളാണ് ദിയ.