satheesh

വാമനപുരം: രേഷ്മ പോയ ലോകത്തേക്ക് സതീഷും യാത്രയായി. പൊള്ളലേറ്റ ദമ്പതികളിൽ യുവാവിന്റെ മരണവും അറിഞ്ഞതോടെ കീഴായിക്കോണം സ്വദേശികൾ നിശ്ചലരായി..കീഴായിക്കോണം കല്ലിടുക്ക് തിരുവാതിരയിൽ സതീഷ് (30) ആണ് തീപ്പൊള്ളലേറ്റ് ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചത്.ഭാര്യ രേഷ്മ (26) ഇക്കഴിഞ്ഞ 20 ന് മരണമടഞ്ഞിരുന്നു.
ഈമാസം 18 ന് വിറകടുപ്പിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ,രേഷ്മയുടെ ദേഹത്ത് തീ പടർന്നു പിടിക്കുകയും രക്ഷിക്കുന്നതിനിടയിൽ സതീഷിനും പൊള്ളലേൽക്കുകയുമായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രണ്ടു പേർക്കും മരണം സംഭവിച്ചു. ദമ്പതികളുടെ വേർപാട് വിശ്വാസിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാരും വിട്ടുകാരും. നാട്ടിൽ ഏത് കാര്യത്തിനും മുന്നിട്ടുനിൽക്കുന്നതും അനേകം സുഹൃദ് ബന്ധത്തിന് ഉടമയുമായിരുന്നു സതീഷ്. ടിപ്പർ ഡ്രൈവറായ സതീഷിന്റെ മൃതദേഹം വീട്ടിലെത്തിക്കുമ്പോൾ കൊവിഡ് മാനദണ്ഡങ്ങളാൽ ഒന്നു കാണാൻ കഴിയാത്ത വേദനയിൽ കണ്ണീർ പൊഴിക്കുകയായിരുന്നു സുഹൃത്തുക്കൾ. പാറത്തൊഴിലാളികളായ പ്രഭാകരൻ, സുനിത എന്നിവരാണ് സതീഷിന്റെ മാതാപിതാക്കൾ.