തിരുവനന്തപുരം: കനത്ത മഴ പെയ്ത രാത്രിയിൽ മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നുവിട്ട് പഴി കേൾപ്പിച്ചതാണ് തലസ്ഥാന ജില്ലാ കളക്ടർ സ്ഥാനത്ത് നിന്ന് കൊവിഡ് കാലത്ത് കെ. ഗോപാലകൃഷ്ണന്റെ സ്ഥാനചലനത്തിന് വഴിയൊരുക്കിയത്. മലപ്പുറം കളക്ടറായാണ് മാറ്റം
മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെ തുടർന്ന് കരമനയാറും കിള്ളിയാറും കര കവിഞ്ഞൊഴുകി ജില്ലയിലെ പല പ്രദേശങ്ങളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെള്ളപ്പൊക്കത്തിലായി.തുടർന്ന്,തിരുവനന്തപുരം കോർപ്പറേഷനും വിവിധ രാഷ്ട്രീയകക്ഷികളും ജില്ലാ ഭരണകൂടത്തിനെതിരെ രംഗത്തെത്തി. പലരെയും മാറ്റിപ്പാർപ്പിക്കേണ്ടിയും വന്നു.
. പോത്തൻകോട്ടെ കൊവിഡ് പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും കളക്ടർ നേരത്തേ ഉരസിയിരുന്നു. ഡാം തുറന്നുവിട്ട പ്രശ്നത്തിൽ പക്ഷേ ,മന്ത്രി കളക്ടറെ തള്ളിപ്പറഞ്ഞില്ല. മേയറുൾപ്പെടെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. മേയർ- കളക്ടർ വാക്പോരുമുണ്ടായി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനുമായും കളക്ടർ സ്വരച്ചേർച്ചയിലല്ലായിരുന്നു. ചീഫ്സെക്രട്ടറി ടോം ജോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ. ഗോപാലകൃഷ്ണന്റെ പല നടപടികൾക്കെതിരെയും മന്ത്രിമാരും എം.എൽ.എമാരുമടക്കം നേരത്തേ പരാതികളുന്നയിച്ചിട്ടുണ്ട്.