കടയ്ക്കാവൂർ: കേരള സർക്കാർ ആയുഷ് വകുപ്പ്, തിരുവനന്തപുരം ജില്ലാ ഹോമിയോപ്പതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ സംഘടിപ്പിച്ചു. കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന ക്ലിനിക്. ക്ലിനിക്കിലൂടെ കൊവിഡ് 19 ഇമ്മ്യൂണൈസേഷൻ ബൂസ്റ്റർ വിതരണവും, ജലജന്യ രോഗങ്ങളെ സംബന്ധിച്ചും, കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ബോധവത്കരണ ക്ലാസും ഉണ്ടായിരുന്നു. സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി. ചന്ദ്രദാസ് നിർവഹിച്ചു. അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഇമ്മ്യൂൺ ബൂസ്റ്റർ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ ഗ്രാമപഞ്ചായത്ത് അംഗം എസ്. പ്രവീൺ ചന്ദ്ര, കെ.ആർ. നീലകണ്ഠൻ, ശ്രീബുദ്ധൻ സി.ഡി.എസ്, വൈസ് ചെയർപേഴ്സൺ എൽ, ഗീതാകുമാരി, നിത്യ ബിനു എന്നിവർ പങ്കെടുത്തു. ഡോ. ആർ. തങ്ക, ഡോ. സ്മിത വിജയൻ, ഡോ. പ്രീത എൻ.എസ് എന്നിവർ നേതൃത്വം നൽകി.