കൊച്ചി: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കൊച്ചി ബ്രോഡ് വേയിൽ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരെ ഐ.ജി വിജയ് സാഖറെ നേരിട്ടെത്തി കസ്റ്റഡിയിലെടുത്തു. 20 പേരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഐ.ജിയുടെ നേതൃത്വത്തിൽ ഉന്നതപൊലീസ് ഉദ്യോഗസ്ഥർ എറണാകുളം മാർക്കറ്റിലും പരിശോധന നടത്തി.
കേരളത്തിൽ സമൂഹവ്യാപന സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വ്യാപകമായി ലംഘിക്കപ്പെടുകയാണ്. മാസ്ക്ക് ധരിക്കാൻ പോലും പലരും കൂട്ടാക്കുന്നില്ല. ഇതിനെത്തുടർന്ന് സംസ്ഥാനത്ത് പൊലീസ് പരിശോധന കൂടുതൽ കർശനമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ മാത്രം 718 പേർക്കെതിരെ കേസെടുത്തു. 857 പേരെ അറസ്റ്റ് ചെയ്തു. 292 വാഹനങ്ങളും പിടിച്ചെടുത്തു.