mink

​​​​ബ്രസൽസ് : മൃഗങ്ങളിൽ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പകരുമോ ? ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂച്ച ഉൾപ്പെടെയുള്ള ജീവികളിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് പടരില്ലെന്നാണ് വിദഗ്ദർ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊവിഡ് പടരാം. ! അടുത്തിടെ നെതർലൻഡ്സിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് തൊഴിലാളികൾക്ക് മിങ്കുകളിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കരുതപ്പെടുന്നത്.

മിങ്കുകളെ വളർത്തിയിരുന്ന ഫാമിൽ ജോലി ചെയ്തിരുന്നവരാണ് രോഗബാധിതരായ മൂന്ന് പേരും. സംഭവത്തിൽ ഡച്ച് ഗവേഷണ സംഘം വിശദമായ അന്വേഷണം നടത്തുകയാണ്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പടർന്നതായുള്ള ലോകത്തെ ആദ്യത്തെ കേസാണിത്. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും ആശങ്കയറിയിച്ചിട്ടുണ്ട്. ഇതോടെ മറ്റ് വളർത്തു മൃഗങ്ങളും ജീവികളുമായുള്ള സമ്പർക്കം മനുഷ്യരിൽ കൊവിഡിന് കാരണമായേക്കാമോ എന്ന ചോദ്യവും ഉയരുകയാണ്.

ഏപ്രിൽ അവസാനത്തോടെയാണ് ഫാമിൽ വളർത്തിയിരുന്ന മിങ്കുകൾക്ക് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ കണ്ടെത്തുകയും തുടർന്ന് അവയെ പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ഫലമാണ് കണ്ടെത്തിയത്. ആഴ്ചകൾക്ക് ശേഷമാണ് ഫാമിലെ ഒരു ജീവനക്കാരന് കൊവിഡ് കണ്ടെത്തിയത്. മിങ്കുകളിൽ കണ്ടെത്തിയ അതേ കൊറോണ വൈറസ് സ്ട്രെയിനാണ് ഫാം ജീവനക്കാരിലും കണ്ടെത്തിയത്. ഇതോടെ നെതർലൻഡ്സിലെ മിങ്ക് ഫാമുകളെല്ലാം കനത്ത ജാഗ്രതയുടെ നിഴലിലാണ്. ജീവനക്കാർക്കെല്ലാം മാസ്ക് ഉൾപ്പെടെയുള്ള സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി.

നെതർലൻഡ്സിൽ മിങ്കുകളിൽ നിന്നും നിർമിക്കുന്ന രോമക്കുപ്പായങ്ങൾ ചൈന, കൊറിയ, ഗ്രീസ്, തുർക്കി തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് കയറ്റി അയയക്കുന്നത്. മൃഗസംരക്ഷകരുടെ എതിർപ്പിനെ തുടർന്ന് പുതിയ മിങ്ക് ഫാമുകൾ പ്രവർത്തനം ആരംഭിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 2013ൽ ഡച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇപ്പോൾ നിലവിലുള്ള ഫാമുകൾ 2024 ഓടെ അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. നീർനായയുടെ കുടുംബത്തിൽപ്പെട്ട മാംസഭോജികളായ മിങ്കുകളെ 130 ലേറെ ഡച്ച് ഫാമുകളിലാണ് നിലവിൽ രോമക്കുപ്പായം നിർമിക്കാനായി വളർത്തുന്നത്.

ബെൽജിയൻ അതിർത്തിയിലുള്ള നൂർഡ് ബ്രാബന്റ് പ്രവിശ്യയിലെ രണ്ട് ഫാമുകളിൽ ഏപ്രിൽ 19നാണ് ആദ്യമായി മിങ്കുകളിൽ ശ്വാസകോശ രോഗം കണ്ടെത്തുന്നത്. ഏപ്രിൽ അവസാനത്തോടെ ഒരു ഫാമിൽ രോഗബാധികരായ മിങ്കുകളിൽ 2.4 ശതമാനം മരണത്തിന് കീഴടങ്ങി. മറ്റേ ഫാമിൽ 1.2 ശതമാനവും മരിച്ചു. രോഗബാധ കണ്ടെത്തിയ മിങ്കുകളെയെല്ലാം അതത് ഫാമുകളിൽ തന്നെയാണ് പാർപ്പിച്ചിരിക്കുന്നത്. ഈ മിങ്ക് ഫാമുകളെല്ലാം ഇപ്പോൾ അടച്ചിരിക്കുകയാണ്. പുറത്ത് നിന്നുള്ളവർക്ക് ഇവിടേക്ക് പ്രവേശനമില്ല. മിങ്കുകൾക്ക് എവിടെ നിന്നും രോഗബാധ ഉണ്ടായി എന്നതും ആരോഗ്യ വിദഗ്ദരെ കുഴപ്പിക്കുന്നു.

പൂച്ചകളാണോ മിങ്കുകളിലേക്ക് കൊവിഡ് പടരാനിടയാക്കിയത് എന്ന സംശയവും ഉയരുന്നുണ്ട്. രോഗബാധ കണ്ടെത്തിയ ഒരു മിങ്ക് ഫാമിന് സമീപത്തുള്ള 11 പൂച്ചകളിൽ 3 എണ്ണത്തിൽ കൊറോണ വൈറസ് ആന്റി ബോഡി കണ്ടെത്തിയിരുന്നു. മിങ്ക് ഫാമുകളിലെ തൊഴിലാളികളെയും വ്യാപക കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. രോഗബാധിതനായ ഏതെങ്കിലും തൊഴിലാളിയിൽ നിന്നുമാണോ മിങ്കുകളിലേക്ക് വൈറസ് കടന്നു കൂടിയതെന്നും അന്വേഷിക്കുന്നുണ്ട്. നെതർലൻഡ്സിൽ കൊവിഡ് ബാധ കണ്ടെത്തുന്ന ആദ്യത്തെ മൃഗവും മിങ്കാണ്. നിലവിൽ 45,578 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച നെതർലൻഡ്സിൽ 5,856 പേരാണ് മരിച്ചത്.