വർക്കല: ദേശീയ മനുഷ്യാവകാശ ഫോറം പ്രവർത്തകർ വർക്കലയിലെ മൂന്ന് അനാഥാലയങ്ങൾ സന്ദർശിക്കുകയും മനുഷ്യാവകാശ ലംഘനം കണ്ടെത്തിയ ഗോവർദ്ധനം, വാത്സല്യം എന്നീ അനാഥാലയങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ഓർഫനേജ് കണ്ട്രോൾ ബോർഡിനും സാമൂഹ്യ നീതി വകുപ്പിനും കളക്ടർക്കും പരാതി നൽകി. പുനർജനി പുനരധിവാസ കേന്ദ്രം, ഗോവർദ്ധനം, വാത്സല്യം എന്നീ അനാഥാലയങ്ങളാണ് ഫോറം പ്രവർത്തകർ സന്ദർശിച്ചത്. പുനർജനി ഒഴികെ മറ്റ് രണ്ട് സ്ഥാപനങ്ങൾക്കും സർക്കാർ ലൈസൻസ് ഇല്ലെന്നു കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ സ്ത്രീകളെയും പുരുഷൻമാരെയും ഭിന്നശേഷിക്കാരെയും ഒരുമിച്ചാണ് താമസിപ്പിച്ചിരിക്കുന്നത്. യാതൊരു മാനദണ്ഡവും പാലിക്കാത്ത ഈ സ്ഥാപനങ്ങൾ അടച്ചുപൂട്ടണമെന്ന് ഫോറം വർക്കല താലൂക്ക് കമ്മിറ്റി ചെയർപേഴ്സൺ ജലജ ചന്ദ്രൻ ആവശ്യപ്പെട്ടു.