c
40 യാത്രക്കാരെ ഒരു ബസിൽ യാത്ര ചെയ്യാൻ അനുവദിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ ഭരണകൂടം നൽകിയ പാസ്

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ ഭരണകൂടം കൊവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളെ കടത്താൻ സഹായിച്ചെന്ന് കണ്ടെത്തിയിട്ടും സംഭവം ഒതുക്കിത്തീർക്കാൻ ഗതാഗത വകുപ്പിന്റെ ശ്രമം. ബസുകളിൽ പരമാവധി 25 പേരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കാവൂ എന്നിരിക്കെ 40 പേർക്കാണ് കഴിഞ്ഞയാഴ്ച പാസ് നൽകിയത്. കോഴിക്കോട്ടു നിന്ന് പുറപ്പെട്ട ഈ ബസ് ഒഡിഷയിൽ വച്ച് അപകടത്തിൽപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഗതാഗത വകുപ്പ് നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തരത്തിൽ തൊഴിലാളികളെ കടത്തുന്നതായി കണ്ടെത്തി. അതിർത്തികളിൽ വേണ്ടത്ര പരിശോധനയില്ലെന്നും ഇതോടെ വ്യക്തമായി. എന്നാൽ തുടരന്വേഷണമോ നടപടിയോ ഉണ്ടാകാതെ സംഭവം ഒതുക്കാനാണ് ശ്രമമെന്ന് അറിയുന്നു. മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥർ പാസുകൾ കർശനമായി പരിശോധിക്കണമെന്ന നിർദേശം മാത്രമേ ഗതാഗത വകുപ്പ് ഇതുവരെ നൽകിയിട്ടുള്ളൂ.

ബസുകൾ കൊയ്യുന്നത് കൊള്ളലാഭം

പാസ് ലഭിക്കുന്ന ബസുകൾ കൊള്ള ചാർജ് ഈടാക്കിയാണ് തൊഴിലാളികളെ നാട്ടിലെത്തിക്കുന്നത്. മടങ്ങി വരുമ്പോൾ റെഡ് സോണുകളിൽ നിന്നുൾപ്പെടെ അനധികൃതമായി യാത്രക്കാരെ കയറ്റും. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നിന്നു കയറ്റിയ ഒരാളെ ഇറക്കിയത് പാലക്കാട് ടൗണിൽ. അയാൾ അവിടെ നിന്നു ട്രാൻസ്പോർട്ട് ബസിൽ ഒറ്റപ്പാലത്തേക്കു പോയി. വിവരം അറിഞ്ഞ് ഒറ്റപ്പാലത്ത് എത്തിയാണ് ആരോഗ്യപ്രവർത്തകർ അയാളോട് ക്വാറന്റൈനിൽ പോകാൻ നിർദേശിച്ചത്.

ബസുകാരുടെ പകൽക്കൊള്ള ഇങ്ങനെ

സംസ്ഥാനത്തു നിന്നും ബംഗാളിലേക്ക് ബസ് 2 ലക്ഷം- 2.25 ലക്ഷം രൂപവരെ

തിരികെ വരുമ്പോൾ ബംഗാൾ, ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് ആളൊന്നിന് 8,000 രൂപ

വിശാഖപട്ടണത്തു നിന്നു 6,000 രൂപ

ചെന്നൈയിൽ നിന്നു 3,000 രൂപ