കല്ലമ്പലം: നാവായിക്കുളം പി.എച്ച്.സിയിലെ ആംബുലൻസ് ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അയാളുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ നിന്ന് പരിശോധനയ്ക്കയച്ച 21 പേരുടെ ഫലം നെഗറ്റീവ്. ആംബുലൻസ് ഡ്രൈവർ ഇടപഴകിയ ആളുകളുടെ ലിസ്റ്റ് അനുസരിച്ചുള്ള റൂട്ട് മാപ്പ് തയ്യാറാക്കുകയാണ്. മുഴുവൻ ആളുകളുടെയും സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കും. ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പഞ്ചായത്ത്‌ ഓഫീസിലെ ഒരു ജീവനക്കാരനുമുൾപ്പെടെ 49 പേരാണ് നിലവിലെ ലിസ്റ്റിലുള്ളത്. ആംബുലൻസിൽ യാത്ര ചെയ്‌തവർ, സുഹൃത്തുക്കൾ, ആരോഗ്യ വകുപ്പിലെ മറ്റ് മൂന്ന് ഉദ്യോഗസ്ഥർ ഉൾപ്പെടെ രോഗിയുമായി പ്രൈമറി കോൺടാക്ട് ഉണ്ടായിട്ടുള്ള 49 പേരുടെ സാമ്പിളാണ് ഇനി പരിശോധനയ്ക്ക് അയയ്ക്കേണ്ടത്. എല്ലാ ജീവനക്കാരും ക്വാറന്റൈനിൽ പോയതുകൊണ്ട് മറ്റൊരു മെഡിക്കൽ ടീമിന്റെ സഹായത്തോടെ ആരോഗ്യകേന്ദ്രം തുറക്കാൻ നടപടി തുടങ്ങിയെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെത്തുന്ന പൊതുജനങ്ങൾ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റും മെമ്പർമാരും ക്വാറന്റൈനിൽ പോയെന്നുള്ള വാർത്തകൾ തെറ്റാണെന്നും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും തൊഴിലുറപ്പ് ജോലികളും കൃത്യമായി നടക്കുന്നുണ്ടെന്നും പ്രസിഡന്റ് കെ. തമ്പി പറഞ്ഞു.