തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന നവ്‌ജ്യോത് ഖോസയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുൾപ്പെടെ നാല് ജില്ലകളിലേക്കാണ് പുതിയ കളക്ടർമാർ വരിക.
തിരുവനന്തപുരം കളക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനെ മലപ്പുറം ജില്ലാ കളക്ടറാക്കി. മുന്നറിയിപ്പില്ലാതെ അരുവിക്കര ഡാം തുറന്നുവിട്ടതിനെ തുടർന്ന് ചില പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിയ വിഷയത്തിലുൾപ്പെടെ ഇദ്ദേഹത്തിനെതിരെ ആക്ഷേപങ്ങളുയർന്നിരുന്നു. മലപ്പുറം കളക്ടറായിരുന്ന ജാഫർ മാലിക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ദീർഘ അവധിയിൽ പ്രവേശിച്ച സാഹചര്യത്തിലാണ് ഗോപാലകൃഷ്ണനെ അങ്ങോട്ട് മാറ്റിയത്.
കോട്ടയം കളക്ടർ സുധീർ ബാബു ഈ മാസം 31ന് വിരമിക്കും. ആലപ്പുഴ ജില്ല കളക്ടർ എം. അഞ്ജനയെ അവിടേക്കു മാറ്റി നിയമിച്ചു. തീരമേഖലയിലെ പ്രവർത്തനപരിചയം കൂടി കണക്കിലെടുത്ത് രജിസ്ട്രേഷൻ ഐ.ജിയായ എ. അലക്സാണ്ടറെ ആലപ്പുഴ കളക്ടറാക്കാനും തീരുമാനിച്ചു.