a

കാഞ്ഞങ്ങാട്: പുതുക്കൈ സ്വദേശിനി അഞ്ജന കെ.ഹരീഷിന്റെ (21) മരണത്തിന് ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാതാവ് മിനി പ്രധാനമന്ത്രിക്കും കേരള,ഗോവ മുഖ്യമന്ത്രിമാർക്കും ഇരു സംസ്ഥാനങ്ങളിലെയും ഡി.ജി.പി മാർക്കും പരാതി നൽകി. ഈ മാസം 13നാണ് ഗോവയിലെ കലാങ്കൂട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കന്റോലിൽ ബാർഡോസിലെ താമസസ്ഥലത്തിന് സമീപത്തെ മരക്കൊമ്പിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടത് .

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാതാവിനെ ഫോണിൽ വിളിച്ച് സുഹൃത്തുകൾ വഞ്ചിച്ചുവെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നും തിരിച്ച് വീട്ടിൽ വരാൻ ആഗ്രഹിക്കുന്നുവെന്നും തന്നെ രക്ഷിക്കണമെന്നും പറഞ്ഞിരുന്നതായി മിനിയുടെ പരാതിയിൽ പറയുന്നു. തലശേരി ബ്രണ്ണൻ കോളേജ് അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായിരുന്നപ്പോൾ കോഴിക്കോട് ചേവായൂരിലുള്ള ഒരു വീട്ടിൽ സുഹൃത്തുക്കൾ വഴി മകളെ മയക്കുമരുന്ന് ഉപഭോഗത്തിൽ നിന്ന് മോചനത്തിനുള്ള ചികിത്സക്ക് വിധേയമാക്കിരുന്നു. മകളുടെ സുഹൃത്തുകളുടെ വഴിവിട്ടതും സംശയാസ്പദമായ പെരുമാറ്റവും ദുർസ്വാധീനവും നിമിത്തം മകൾ വീണ്ടും ഇവരോടൊപ്പം പോയി. മാർച്ച് മാസത്തിൽ അതിൽ ചില സുഹൃത്തുകളോടൊപ്പമാണ് ഗോവയ്ക്ക് പോയത്. മകളുടെ മരണം കൊലപാതകമെന്ന് താനും കുടുംബാംഗങ്ങളും സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

ഇവരുടെ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിപണവും അടക്കം അന്വേഷിക്കണമെന്ന് കൂടി പരാതിയിൽ ആവശ്യപ്പെട്ടു. ആൺസുഹൃത്ത് ശബരിയും നസീമയും ആതിരയും ഉൾപ്പെടെ നാലുപേരും ഒരുമുറിയിലാണ് ഗോവയിൽ താമസിച്ചിരുന്നതെന്നാണ് വിവരം. അഞ്ജനയെ കാണാതായി മണിക്കൂറുകൾ പിന്നിട്ട ശേഷമാണ് പത്തുമീറ്റർ അകലെ മൃതദേഹം കണ്ടെത്തിയതെന്നാണ് കൂട്ടുകാർ പറഞ്ഞത്.

ലൈംഗികാതിക്രമമില്ലെന്ന് ഗോവ പൊലീസ്

മരണത്തിന് മുൻപ് അഞ്ജന ഹരീഷ് ലൈംഗികാതിക്രമത്തിന് ഇരയായെന്ന വാദം തള്ളി ഗോവ പൊലീസ്. നോർത്ത് ഗോവ പൊലീസ് സൂപ്രണ്ട് ക്രിഷ്ത് പ്രസൂണാണ് ഈ വാദം തള്ളിയത്. തൂങ്ങിമരണത്തെ തുടർന്നുള്ള ശ്വാസംമുട്ടലാണ് മരണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അഞ്ജന മരിക്കുന്നതിന് മുൻപ് ലൈംഗികമായി ആക്രമിക്കപ്പെട്ടെന്നും നിർബന്ധപൂർവം മദ്യം കഴിപ്പിച്ചെന്നും തരത്തിൽ ഒന്നും നടന്നതിന് തെളിവ് കണ്ടെത്താന് കഴിഞ്ഞിട്ടില്ല. എന്നാൽ അഞ്ജനയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ഇത്തരത്തിലുള്ള ഒരു കണ്ടെത്തലും നടന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.