തിരുവനന്തപുരം: ആൻഡമാനിന്റെ കിഴക്കൻ തീരത്ത് തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതോടെ സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും നേരത്തേ മഴ തുടങ്ങിയേക്കുമെന്ന് സൂചന. ആൻഡമാനിൽ കാലവർഷം വന്നാൽ രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലേക്ക് നീങ്ങുന്നതാണ് രീതി. അങ്ങനെയെങ്കിൽ 31ന് കേരളതീരം തൊടാനാണ് സാദ്ധ്യത.

അതിനിടെ അറബിക്കടലിൽ രണ്ട് ന്യൂനമർദ്ദങ്ങൾ രൂപം കൊള്ളുന്നത് ആശങ്കയുയർത്തുന്നു. അറബിക്കടലിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായാണ് ഇവ. തെക്കുപടിഞ്ഞാറുള്ളത് നാളെ ശക്തിപ്രാപിക്കും. ഇത് എങ്ങോട്ട് നീങ്ങുമെന്ന് ഇതുവരെ സൂചനയില്ല. തെക്കുകിഴക്കൻ മേഖലയിലേത് 31നേ ശക്തിപ്രാപിക്കൂ.

ന്യൂനമർദ്ദങ്ങൾ കൂടുതൽ ശക്തിയോടെ കേരളതീരത്തേക്ക് നീങ്ങിയാൽ അതിവൃഷ്ടിക്ക് സാദ്ധ്യതയുണ്ട്. നാളെ മുതൽ എല്ലാ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ നാലുവരെ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുമുണ്ട്.