തിരുവനന്തപുരം: സംസ്ഥാനത്തിന്റെ 46-ാമത് ചീഫ്സെക്രട്ടറിയായി ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചീഫ്സെക്രട്ടറി ടോം ജോസ് 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
1986 ബാച്ചുകാരനായ ബിശ്വാസ് മേത്ത രാജസ്ഥാൻ സ്വദേശിയാണ്. അടുത്ത വർഷം ഫെബ്രുവരി 28 വരെ കാലാവധിയുണ്ട്. ഇതോടെ, സംസ്ഥാന പൊലീസ് മേധാവിയും, ഭരണ സംവിധാനത്തിന്റെ തലപ്പത്തുള്ള ചീഫ്സെക്രട്ടറിയും അന്യസംസ്ഥാനക്കാരാവും.
ടി.കെ. ജോസ് ആഭ്യന്തര സെക്രട്ടറി:
ശ്രീലേഖ, ശങ്കർ റെഡ്ഢി ഡി.ജി.പി
പൊതുമരാമത്ത് അഡിഷണൽ ചീഫ്സെക്രട്ടറി ടി.കെ. ജോസിനെ ആഭ്യന്തര, വിജിലൻസ് വകുപ്പുകളുടെ ചുമതലയുള്ള അഡിഷണൽ ചീഫ്സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജലവിഭവം, കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകളുടെ ചുമതലയും വഹിക്കും.
ആർ. ശ്രീലേഖ, എൻ. ശങ്കർ റെഡ്ഡി എന്നീ അഡിഷണൽ ഡി.ജി.പിമാരെ ഡി.ജി.പിമാരാക്കി. ശ്രീലേഖയെ ഫയർ ആൻഡ് റസ്ക്യു സർവീസസ് മേധാവിയാക്കും. ശങ്കർ റെഡ്ഢി റോഡ് സുരക്ഷാ കമ്മിഷണറായി തുടരും. ഡി.ജി.പി തസ്തികയിൽ നിയമിക്കപ്പെടുന്ന സംസ്ഥാനത്തെ ആദ്യ വനിതാ ഓഫീസറാണ് ശ്രീലേഖ.