തിരുവനന്തപുരം: ചീഫ്സെക്രട്ടറി ടോം ജോസുമായി ഇടഞ്ഞുനിന്ന ഡോ.വി. വേണുവിനെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒടുവിൽ നീക്കി.
കഴിഞ്ഞ മാർച്ച് നാലിന് ചേർന്ന മന്ത്രിസഭായോഗത്തിൽ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ മാറ്റിയതിനെച്ചൊല്ലിയുണ്ടായ വിവാദമാണ് റവന്യൂ, റീബിൽഡ് കേരള ചുമതലകളിൽ നിന്നുള്ള വേണുവിന്റെ സ്ഥാനചലനത്തിൽ കലാശിച്ചത്.റവന്യൂവകുപ്പിന് കീഴിൽ വരുന്ന സർവേ ഡയറക്ടറെ മാറ്റിയത് താനറിയാതെയാണെന്നും, സിവിൽ സർവീസ് ഉദ്യോഗസ്ഥരെ രണ്ട് വർഷമെങ്കിലും ഒരേ തസ്തികയിൽ തുടരാനനുവദിക്കാത്തത് അഖിലേന്ത്യാ സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും കാണിച്ച് വേണു ചീഫ്സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. സ്ഥാനമാറ്റം റദ്ദാക്കിയില്ലെങ്കിൽ അവധിയിൽ പോകുമെന്ന് സിവിൽ സർവീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയും അദ്ദേഹം പ്രതികരിച്ചു. സിവിൽസർവീസ് ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം വേണുവിനെ അനുകൂലിച്ചു. എന്നാൽ, മന്ത്രിസഭാതീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്ത വേണുവിന്റെ നടപടിയിൽ ചില മന്ത്രിമാർ മുഖ്യമന്ത്രിയെ അതൃപ്തിയറിയിച്ചു. റവന്യൂമന്ത്രിയറിയാതെ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന ആരോപണവുമുണ്ടായി.
അവധിയെടുത്തെങ്കിലും , കൊവിഡ് പ്രതിരോധത്തിന്റെയും, ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ വേണു പിന്നീട് ഡ്യൂട്ടിയിൽ സജീവമായി. വിവാദം തണുത്തപ്പോഴാണ് ഈ മാസം ആദ്യം അദ്ദേഹത്തെ റീബിൽഡ് കേരള സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റിയത്. റീബിൽഡുമായി ബന്ധപ്പെട്ട് പൂർണ്ണ ശ്രദ്ധ റവന്യൂ സെക്രട്ടറിയെന്ന നിലയിൽ കാട്ടുന്നില്ലെന്ന ആരോപണമാണ് സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് നയിച്ചതെന്ന് ഔദ്യോഗികവൃത്തങ്ങൾ സൂചിപ്പിച്ചു.