f

തളിപ്പറമ്പ്:യുവമോർച്ച നേതാവിന്റെ വീട്ടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെ അഞ്ചു സി .പി .എം.-ഡി .വൈ .എഫ്. ഐ പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം ഷാജിർ, സുമൻ ചുണ്ട, റിബിൻ കോലത്തുവയൽ, സബിൻ കണ്ണപുരം, സന്ദീപ് ചെക്കിക്കുണ്ട് എന്നിവർക്കെതിരെയാണ് കേസ്. യുവമോർച്ച കണ്ണൂർ ജില്ലാ ട്രഷർ മൊറാഴ പണ്ണേരിയിലെ വി.നന്ദകുമാറിന്റെ വാടകവീട്ടിന് നേരെ 25 ന് രാത്രി 10.20 നായിരുന്നു സ്റ്റീൽബോംബ് എറിഞ്ഞത്. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡി വൈ എഫ് ഐ മാറ്റാങ്കീൽ യൂണിറ്റ് പ്രസിഡന്റ് ആദർശിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിന്റെ തുടർച്ചയായിട്ടാണ് ബോംബാക്രമണം നടന്നത്. മാറ്റാങ്കീലിലെ ബി ജെ പി പ്രവർത്തകൻ രതീഷ് പൂക്കോട്ടിയുടെ വീട്ടിന് നേരെയും ബോംബെറിഞ്ഞുവെങ്കിലും പൊട്ടിയിരുന്നില്ല. നന്ദകുമാറിന്റെ വീട്ടിന് നേരെ നടന്ന ബോംബാക്രമണത്തിൽ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ വരാന്തയിലെ ഓടുകളും മുൻഭാഗത്തെ ജനൽചില്ലുകളും തകർന്നിരുന്നു.