തിരുവനന്തപുരം: മലയാളി പെൺകുട്ടികൾക്ക് ആവേശമായി, കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി പദവിയിലെത്തി പുതിയ ചരിത്രമെഴുതുകയാണ് ആർ.ശ്രീലേഖ.
സാധാരണ കുടുംബത്തിൽ നിന്ന് കഠിനശ്രമത്തിലൂടെ പഠിച്ചുയർന്ന്, 1987ൽ ഇരുപത്തിയാറാം വയസിൽ ഐ.പി.എസ് നേടിയപ്പോൾ അതൊരു റെക്കാഡായി.കേരളത്തിലെ ആദ്യ ഐ.പി.എസുകാരി. സ്ത്രീയെന്ന പ്രതിബന്ധങ്ങൾ മറികടന്ന്, മൂന്നു ജില്ലകളിൽ പൊലീസിനെ നയിച്ചു. സി.ബി.ഐയിലടക്കം മികച്ച കുറ്റാന്വേഷക.. അപകടങ്ങൾ കുത്തനെ കുറച്ച ഗതാഗത കമ്മിഷണർ.. ഇന്റലിജൻസ് മേധാവി. ജയിലുകളുടെ ആദ്യ വനിതാമേധാവി. ഏൽപ്പിച്ച പദവികളിലൊക്കെ തിളങ്ങി. ഫയർഫോഴ്സ് മേധാവിയായാണ് പുതിയ
നിയോഗം.
പതിനാറാം വയസിൽ പിതാവിനെ നഷ്ടപ്പെട്ട ശ്രീലേഖ, പൊള്ളുന്ന ജീവിതാനുഭവങ്ങളിലൂടെയാണ്
കരുത്താർജ്ജിച്ചത്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പാട്ട്,നാടകം, എൻ.സി.സി, എൻ.എസ്.എസ് താരം. തിരുവനന്തപുരം വനിതാകോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഇഗ്നോവിൽ നിന്ന് എം.ബി.എ . ആദ്യം വിദ്യാധിരാജ കോളേജിൽ അധ്യാപിക. രാജിവച്ച് റിസർവ് ബാങ്കിൽ ജോലി ചെയ്യവേ സിവിൽ സർവീസ് പരീക്ഷയെഴുതി. ഐ.പി.എസ് ലഭിച്ചു. ഐ.എ.എസായിരുന്നു മോഹമെങ്കിലും കാക്കിയണിയാനായാരുന്നു യോഗം. 1988ൽ കോട്ടയത്ത് എ.എസ്.പിയായി, 1991ൽആദ്യ വനിതാ എസ്.പിയായി തൃശൂരിൽ.. വിജിലൻസിലായിരുന്നപ്പോൾ വിശിഷ്ടസേവനത്തിന് രാഷ്ട്രപതിയുടെ മെഡൽ . റബർ മാർക്കറ്റിംഗ് ഫെഡറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ എം.ഡിയായി. കൺസ്യൂമർഫെഡിലെ കോടികളുടെ അഴിമതി കണ്ടെത്തി. സ്ത്രീസുരക്ഷയ്ക്കുള്ള പൊലീസിന്റെ നിർഭയപദ്ധതിയുടെ നോഡൽ ഓഫീസറായിരുന്നു.
കാക്കിക്കുള്ളിലെ
കലാകാരി
കാക്കിക്കുള്ളിലെ കലാകാരിയാണ് ശ്രീലേഖ. എഴുത്തും പാട്ടും നാടകവുമെല്ലാം വഴങ്ങും. മൂന്ന് കുറ്റാന്വേഷണങ്ങളടക്കം പത്തിലേറെ പുസ്തകങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശ്രീലേഖയുടെ പൊലീസിലെ അനുഭവകഥകൾ മറ്റ് വനിതാ ഉദ്യോഗസ്ഥർക്ക് പാഠമായി . ബ്രിട്ടീഷ് സര്ക്കാരിന്റെ ഫെലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. പീഡിയാട്രിക് സർജൻ ഡോ.സേതുനാഥാണ് ഭർത്താവ്. മകൻ ഗോകുൽനാഥ്.
'ഈ പദവി ലഭിച്ചതിൽ അഭിമാനം. കൂടുതലൊന്നും പ്രതികരിക്കാനില്ല'
-ആർ.ശ്രീലേഖ