bev-q

തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ മദ്യവിൽപന കേന്ദ്രങ്ങൾ ഇന്ന് രാവിലെ 9 മുതൽ വീണ്ടും തുറക്കും. സ്‌മാർട്ട് ഫോണിൽ ഉപയോഗിക്കാവുന്ന ബെവ് ക്യൂ (Bev Q) ആപ്പ് വഴിയും എസ്.എം.എസ് വഴിയുമുള്ള വെർച്വൽ ക്യൂ സംവിധാനത്തിലൂടെയുമാണ് വിൽപന. രാവിലെ 6 മുതൽ രാത്രി 10 വരെ മദ്യം ബുക്ക് ചെയ്യാം. വൈകിട്ട് 5 വരെയാണ് മദ്യം വാങ്ങാനുള്ള സമയമെന്ന് ആപ്പ് പുറത്തിറക്കികൊണ്ട് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്‌ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മദ്യശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കാൻ ക്യൂ മാത്രമാണ് ഓൺലൈനാക്കിയിട്ടുള്ളത്. ഷോപ്പുകളിലെ മദ്യവിൽപനയ്ക്കുള്ള സൗകര്യം അനുസരിച്ച് ഓരോത്തർക്കും സമയക്രമം നിശ്ചയിച്ച് നൽകും. ഒരേസമയം അഞ്ചുപേർക്കേ മദ്യം ലഭിക്കൂ. ഇന്നലെ വൈകിട്ട് 7 മുതൽ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഉച്ചയ്ക്ക് 2ന് ആപ്പിന്റെ ട്രയൽറൺ വിജയകരമായി പൂർത്തിയാക്കിയിരുന്നു. വെർച്വൽക്യൂ ഒരുക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഓരോ ബുക്കിംഗിനും 50 പൈസ വീതം ബെവ്കോ ഈടാക്കും. കൺസ്യൂമർഫെഡ് ഉൾപ്പടെ മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾ ഈ തുക ബെവ്കോയ്ക്ക് നൽകണം. ഉപഭോക്താക്കൾക്ക് ബുക്കിംഗ് ചാർജില്ല


ബെവ്കോ ഔട്ട്‌ലെറ്റ്: 265


കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റ്: 36


ബാർ ഹോട്ടൽ: 576

ബിയർ,​ വൈൻ പാർലർ: 291

 എസ്.എം.എസ് നമ്പർ: 8943389433

ലിക്വർ വേണ്ടവർ എന്നും ബിയർ/വൈൻ വേണ്ടവർ എന്നും ടൈപ്പ് ചെയ്ത് 8943389433 എന്ന നമ്പറിലേക്ക് മെസേജ് അയയ്ക്കണം. എസ്.എം.എസിന് മറുപടിയായി BEVCOQ എന്ന സെന്റർ ഐഡിയിൽ നിന്ന് സമയവും ബുക്കിംഗും ഉറപ്പാക്കുന്ന സന്ദേശം ഫോണിലെത്തും. ബെവ് ക്യൂ (Bev Q) ആപ്പ് ഗൂഗിൾ പ്ളേസ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.

ശ്രദ്ധിക്കാൻ


 തിരിച്ചറിയൽ കാർഡ് കാണിക്കണം

 ഒരാൾക്ക് ഒരുതവണ 3 ലിറ്റർ

 ഒരിക്കൽ വാങ്ങിയാൽ നാല് ദിവസത്തിന് ശേഷം വീണ്ടും

ബുക്ക് ചെയ്യുന്ന ആൾ തന്നെ എത്തണമെന്നില്ല,​ ബുക്ക് ചെയ്ത ഫോൺ വരുന്നയാളിന്റെ കൈവശം വേണം

ബുക്ക് ചെയ്ത സമയത്തെത്തിയില്ലെങ്കിൽ കിട്ടില്ല,​ വീണ്ടും ബുക്ക് ചെയ്യണം

ക്ളബ്ബുകളിൽ മദ്യം ഇന്നില്ല
ക്ളബ്ബുകളിൽ നിന്ന് ഇന്ന് മദ്യം ലഭിക്കില്ല. ഇരുന്ന് കഴിക്കാൻ അനുമതിയില്ലാത്തതിനാൽ അംഗങ്ങൾക്ക് മദ്യം പാഴ്സൽ വാങ്ങാൻ പ്രത്യേക ഉത്തരവ് ഇറക്കേണ്ടതുണ്ട്. മിലിട്ടറി കാന്റിനുകൾ വഴി മദ്യം നൽകുന്നതിന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ഇക്കാര്യത്തിൽ ഈയാഴ്ച പരിഹാരം കാണുമെന്ന് എക്സൈസ്കമ്മിഷണർ പറഞ്ഞു.