കഴക്കൂട്ടം : പെരുമാതുറ മാടൻവിളയിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ചത്ത പശുവിന്റെ ഇറച്ചി നാട്ടുകാർ പിടികൂടി. കഠിനംകുളം പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. ഇറച്ചി പിടിച്ചെടുത്ത് മറവുചെയ്തു. മാടൻവിള സ്റ്റേഡിയത്തിന് സമീപം ഇറച്ചി വില്പന നടത്തുന്ന ഷാഫി (44) ആണ് പിടിയിലായത്. ആറ്റിങ്ങൾ ഭാഗത്തുനിന്നാണ് ചത്ത പശുവിന്റെ ഇറച്ചി പെരുമാതുറയിലെത്തിച്ചത്. ചൊവ്വാഴ്ച് രാത്രി 10 മണിയോടെയാണ് സംഭവം. വിവരം അറിഞ്ഞ പ്രദേശവാസികൾ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചതോടെ പ്രതി ഷാഫി മാടൻവിള കൊട്ടാരംതുരുത്ത് പാലത്തിന് സമീപം മാംസം കായലിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. കായലിൽ ഇറച്ചി ഉപേക്ഷിച്ചതോടെ ആളുകൾ പാലത്തിന് സമീപം തടിച്ചുകൂടി. പൊലീസ് ഇടപെട്ടു ഇറച്ചി പിന്നീട് കുഴിച്ചുമൂടി. ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ വിനീഷ് കുമാർ, എസ്. ഐമാരായ രതീഷ്കുമാർ, ഇ.പി. സവാദ് ഖാൻ, പി. ഷാജി, എ.എസ്. ഐമാരായ നിസാം, ചന്ദ്രൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.