 ചെലവ് വഹിക്കേണ്ടത് താങ്ങാനാവുന്നർ മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയേണ്ടി വരുന്ന പ്രവാസികൾ ചെലവ് സ്വന്തം നിലയിൽ വഹിക്കണമെന്ന വ്യവസ്ഥയിൽ നിന്ന് പാവപ്പെട്ടവരെ ഒഴിവാക്കിയേക്കും. ലക്ഷക്കണക്കിനു പേർ വരുമ്പോൾ ചെലവ് സർക്കാരിന് താങ്ങാനാവില്ലെന്നും അവരവർ ചെലവ് നോക്കണമെന്നും കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്നതോടെയാണ് പാവങ്ങൾക്ക് സൗജന്യം തുടരാൻ ഇന്നലെ മന്ത്രിസഭാ യോഗം ധാരണയിലെത്തിയത്. തീരുമാനം മുഖ്യമന്ത്രിക്ക് വിടുകയും ചെയ്തു

ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും പാവപ്പെട്ടവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസി മലയാളികളുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കും. ക്വാറന്റൈൻ ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് അത് ഈടാക്കുകയെന്നതാണ് സർക്കാർ നിലപാട്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് അറിയിക്കും. കഴിഞ്ഞദിവസത്തെ സർക്കാർ നിർദ്ദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കി. സർവകക്ഷി യോഗത്തിൽ വിവിധ പാർട്ടികൾ ഇക്കാര്യം ഉന്നയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവർ ഭക്ഷണക്കാര്യത്തിലും മറ്റും വലിയ ഡിമാൻഡുകൾ വയ്ക്കുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ചെലവ് വഹിക്കാൻ സർക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം, ജോലി നഷ്ടപ്പെട്ടവർക്കും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കും ഈ ചെലവ് ബുദ്ധിമുട്ടുണ്ടാകും. അതുകൊണ്ട് പാവപ്പെട്ടവരെ ഒഴിവാക്കാൻ ധാരണയാവുകയായിരുന്നു.

1,05,368

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇതുവരെ എത്തിയവർ

9416

വിദേശത്തു നിന്ന് എത്തിയവർ

'പാവപ്പെട്ടവരെ ബുന്ധിമുട്ടിക്കില്ല. മടങ്ങിയെത്തുന്നവരെ സംരക്ഷിക്കും"

- മുഖ്യമന്ത്രി പിണറായി വിജയൻ

വിമാന ടിക്കറ്റിന് പണമില്ലാത്തവരെ

കേന്ദ്രം എത്തിക്കണം: ഹൈക്കോടതി

കൊച്ചി : വിമാന ടിക്കറ്റിനു പണമില്ലാത്ത പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയാൽ കേന്ദ്രസർക്കാർ അടിയന്തരമായി പരിഗണിച്ച് നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെ ക്ഷേമനിധി ഉപയോഗിച്ച് ഇവരെ എത്തിക്കണമെന്നാവശ്യപ്പെടുന്ന ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദേശം.

മടങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ ഇന്ത്യൻ എംബസികളിൽ അപേക്ഷ നൽകിയാൽ അർഹത പരിശോധിച്ച് സഹായം നൽകുമെന്ന് കേന്ദ്രസർക്കാർ നേരത്തേ ഉറപ്പ് നൽകിയിരുന്നു. ഗൾഫിൽ കുടുങ്ങിയ ഭർത്താവിനെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി ജിഷ, തിരുവനന്തപുരം സ്വദേശി ഷീബ, കോഴിക്കോട് സ്വദേശി മനീഷ തുടങ്ങിയവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. നിരവധി പ്രവാസികൾ സാമ്പത്തിക ബുദ്ധിമുട്ടുകാരണം ഗൾഫിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഹർജിക്കാർ ബോധിപ്പിച്ചു.

ഉടൻ നടപടി

ഏറ്റവും അർഹതയുള്ളവർക്കും കുറഞ്ഞ വരുമാനമുള്ളവർക്കും മുൻഗണന നൽകാൻ കോടതി നിർദേശിച്ചാൽ അതിന് തയ്യാറാണെന്ന് കേന്ദ്രസർക്കാരിന്റെ അഭിഭാഷക അറിയിച്ചു. മാനദണ്ഡങ്ങൾ തൃപ്തികരമാണെങ്കിൽ അപേക്ഷകളിൽ ഉടൻ നടപടിയെടുക്കും. ഹർജിക്കാരല്ലാത്തവർക്കും എംബസിയിൽ അപേക്ഷ നൽകാം.