തിരുവനന്തപുരം: ഹോട്ട്സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളിലെ സർക്കാർ ഓഫീസുകളിൽ 50 ശതമാനം ഉദ്യോഗസ്ഥർ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മറ്റ് ജില്ലകളിൽ അകപ്പെട്ടുപോയ ജീവനക്കാർക്ക് ജോലിസ്ഥലത്തേക്ക് മടങ്ങാനുള്ള ബസ് സൗകര്യം കളക്ടർമാർ ഒരുക്കും. മടങ്ങാൻ കഴിയാത്തവരെ കൊവിഡ് നിർവ്യാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉപയോഗിക്കുകയോ തദ്ദേശ സ്ഥാപനങ്ങൾക്ക് സേവനം ലഭ്യമാക്കുകയോ ചെയ്യാം. ഇതിനുള്ള ക്രമീകരണം കളക്ടറേറ്റുകളിൽ ഉണ്ടാകണം. കൊവിഡ് കാരണം മുടങ്ങിയ പരാതി പരിഹാര അദാലത്തുകൾ ഓൺലൈനായി നടത്തും. കൊവിഡ് നിർവ്യാപന, പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഓഫീസുകളും സ്ഥാപനങ്ങളും പൂർണമായി തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.