വെഞ്ഞാറമൂട്: റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് ഹോട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചു. ഇന്ന് മുതൽ പഞ്ചായത്തിൽ നിയന്ത്രണം കർശനമാക്കി. വെഞ്ഞാറമൂട് പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽ നിന്നും ആളുകൾ പുറത്തുപോകുന്നതിനും ഇവിടേക്ക് വരുന്നതിനും കടുത്ത നിയന്ത്രങ്ങൾ ഏർപ്പെടുത്തി. പഴം, പച്ചക്കറി, പലവ്യഞ്ജനക്കടകൾ,​ മെഡിക്കൽഷോപ്പുകൾ എന്നിവ മാത്രമേ തുറന്ന് പ്രവർത്തിപ്പിക്കാവൂ. ജില്ലാ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിച്ചുവേണം സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. ആളുകൾ അനാവശ്യമായി വീടുകളിൽ നിന്നും പുറത്തിറങ്ങരുത്‌. മാസ്‌ക്‌ ധരിക്കാത്തവർക്കെതിരെ നടപടിയെടുക്കും. ടൗണിലും സ്‌റ്റേഷൻ പരിധിയിലും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു. പൊലീസ്‌ പട്രോളിംഗും ശക്തമാക്കി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വാഹനങ്ങളുമായി വരുന്നവരെ ചെക്കിംഗ് പോയിന്റുകളിൽ പരിശോധിച്ച ശേഷം മടക്കി അയയ്ക്കും.