bajaj-chetak

പൂനെ, ബെംഗളൂരു നഗരങ്ങളിൽ വില്പനയാരംഭിച്ച ബജാജ് ഓട്ടോ, ഈ വർഷത്തിന്റെ രണ്ടാം പാദത്തിൽ കേരളമടക്കമുള്ള മറ്റുള്ള സംസ്ഥാനങ്ങളിലെ നഗരങ്ങളിൽ ഇലക്ട്രിക് സ്കൂട്ടർ വില്പന ആരംഭിക്കും എന്നാണ് വ്യക്തമാക്കിയിരുന്നത്. അതെ സമയം കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്തു പ്രഖ്യാപിച്ച ലോക്ക്ഡൗണും ഈ പദ്ധതികളെല്ലാം തകിടം മറിച്ചു.

ഏറ്റവും പുതിയ റിപോർട്ടുകൾ അനുസരിച്ച് മറ്റുള്ള നഗരങ്ങളിലേക്കുള്ള വില്പന വൈകും. പ്ലാൻ ചെയ്തതിനേക്കാൾ കുറഞ്ഞത് 4 മുതൽ 5 മാസത്തെ താമസമാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ നിന്നും ലഭിക്കേണ്ട അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും, ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതിലെ കാലതാമസവും രണ്ട് മാസത്തോളം പ്ലാൻ അടഞ്ഞു കിടന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. "ഞങ്ങൾക്ക് ചൈനയിൽ നിന്ന് ചില അസംസ്കൃത വസ്തുക്കൾ വരേണ്ടിയിരുന്നത് തടസ്സപ്പെട്ടു. ചേതക്കിന് നല്ല ബുക്കിംഗ് ഉണ്ടായിരുന്നെങ്കിലും, ഒടുവിൽ ഞങ്ങൾക്ക് ബുക്കിംഗ് നിർത്തിവയ്ക്കേണ്ടി വന്നു. കൃത്യസമയത്ത് സ്കൂട്ടർ ഡെലിവറി ചെയ്യാൻ പറ്റാതെ പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് കൂടുതൽ ഓർഡറുകൾ എടുക്കുന്നത് നിർത്തിവച്ചത്," ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ പറഞ്ഞു.

നിയോ-റെട്രോ രൂപഭംഗിയുള്ള പ്രീമിയം ഇലക്ട്രിക്ക് സ്കൂട്ടറാണ് പുതിയ ബജാജ് ചേതക്. മുൻപ് വില്പനയിലുണ്ടായിരുന്ന ചേതക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വൃത്താകൃതിയിലുള്ള ഹെഡ് ലാംപ്, വീതി കൂടിയ എപ്രോൺ, ആകാരവടിവുള്ള ബോഡി പാനലുകൾ എന്നിവ ഡിസൈൻ ചെയ്തിരിക്കുന്നത്. അതേസമയം കറുപ്പ് നിറത്തിലുള്ള റിയർവ്യൂ മിറർ, അലോയ് വീലുകൾ, എൽഇഡി ഹെഡ്‍,ടെയിൽ ലാമ്പുകൾ, ഡേടൈം റണ്ണിങ് ലാമ്പുകൾ എന്നിവയോടെ പുതുമയുടെ മേമ്പൊടിയും പുത്തൻ ചേതക്കിന് നൽകുന്നുണ്ട്. പൂർണമായും മെറ്റൽ ആണ് ചേതക്കിന്റെ ബോഡി.

അഞ്ച് മണിക്കൂറിനുള്ളിൽ ചേതക്കിന്റെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കും. ഒരു മണിക്കൂർ ചാർജ് ചെയ്താൽ തന്നെ ബാറ്റെറിയുടെ 25 ശതമാനം വരെ ചാർജ് ചെയ്യാം. ഫാസ്റ്റ് ചാർജിങ് സംവിധാനം ചേതക്കിനോടൊപ്പം ബജാജ് നൽകിയിട്ടില്ല എന്നുള്ളത് ഒരു കുറവ് തന്നെയാണ്. ഇക്കോ മോഡിൽ 95 കിലോമീറ്ററും, സ്‌പോർട് മോഡിൽ യാത്ര ചെയ്യുമ്പോൾ 85 കിലോമീറ്ററുമാണ് ഒരു ഫുൾ ചാർജിൽ ചേതക്കിനു ലഭിക്കുന്ന പരമാവധി റേഞ്ച്. ഡ്രം ബ്രേക്കുകളുള്ള ചേതക് അർബൻ എഡിഷന് ഒരു ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഡിസ്ക് ബ്രേക്കുകളുള്ള ചേതക് പ്രീമിയം എഡിഷന് 1.15 ലക്ഷം രൂപയുമാണ് വില.