mullappally

തിരുവനന്തപുരം: മദ്യശാലകൾ തുറക്കാൻ കാട്ടുന്ന ആത്മാർത്ഥത മുഖ്യമന്ത്രി പ്രവാസികളോട് കാണിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. രണ്ടര ലക്ഷം ക്വാറന്റൈൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മടങ്ങിവരുന്ന പ്രവാസികൾക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും പറഞ്ഞ മുഖ്യമന്ത്രിയാണ് പ്രവാസികൾ ക്വാറന്റൈൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. നാടിന്റെ നട്ടെല്ലാണ് പ്രവാസികളെന്നും അവരുടെ വിയർപ്പിന്റെ കാശിലാണ് നാം കഞ്ഞികുടിച്ചതെന്നും മുഖ്യമന്ത്രി പലപ്പോഴും അനുസ്മരിക്കാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ ഒരു പൊരുത്തവുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയുകയാണ്. കൊവിഡിന്റെ മറവിൽ പണം പിരിക്കാനാണ് ബാറുകൾ വഴിയുള്ള കൗണ്ടർ പാഴ്സൽ മദ്യവില്പനയും ബെവ് ക്യൂ ആപ് സംവിധാനവുമെല്ലാം. പണം സമ്പാദിക്കൽ മാത്രം തെരയുന്ന പിണറായി സർക്കാരിൽ നിന്നും പ്രവാസി സമൂഹം മനുഷ്യത്വം പ്രതീക്ഷിക്കുന്നതിലർത്ഥമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.