തിരുവനന്തപുരം: സംസ്ഥാനത്തെ എം.പിമാരുടെയും എം.എൽ.എമാരുടെയും യോഗത്തിലേക്ക് കേന്ദ്രമന്ത്രി വി.മുരളീധരനെ സർക്കാർ ക്ഷണിച്ചിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യങ്ങൾ പറയുന്നവർ അത് തുടരുകയാണ്. ഹോം ക്വാറന്റൈൻ പരായമായിരുന്നോ വിജയമായിരുന്നോ എന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീഡിയോ കോൺഫറൻസിനുള്ള ലിങ്ക് വി.മുരളീധരന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകുകയും തുടങ്ങിയപ്പോൾ കണക്ട് ചെയ്യുകയും ചെയ്തിരുന്നു. മുഴുവൻ സമയവും പങ്കെടുക്കാൻ കഴിയില്ലെന്നും ഇടയ്ക്ക് പോകുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരുന്നു.
പെയ്ഡ് ക്വാറന്റൈനിന് കേന്ദ്ര നിർദ്ദേശമുണ്ടെന്ന് പറഞ്ഞ് പ്രവാസികളെ കബളിപ്പിക്കുന്നുവെന്ന് വി. മുരളീധരൻ പറഞ്ഞതായി കണ്ടു. ഏപ്രിൽ 28ന്റെ വാർത്താസമ്മേളനത്തിൽ പ്രവാസികളുടെ കാര്യം പറഞ്ഞിരുന്നു. രോഗ ലക്ഷണമില്ലാത്ത പ്രവാസികളെ വീട്ടിൽ ക്വാറന്റൈൻ ചെയ്യുമെന്നാണ് പറഞ്ഞത്. മേയ് നാലിന് കാര്യങ്ങൾ മാറി. പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുന്നവരെ കൃത്യമായ പരിശോധനയില്ലാതെ നാട്ടിലെത്തിക്കുകയായിരുന്നു. അവർക്ക് പരിശോധന വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുൻതീരുമാനം സംസ്ഥാനത്തിന് മാറ്റേണ്ടി വന്നു'.
അന്ന് പ്രഖ്യാപിച്ച പോലെ വിമാനങ്ങൾ വന്നാൽ ആരെയും നേരെ വീടുകളിലേക്ക് അയയ്‌ക്കാനാവില്ല. ചുരുങ്ങിയത് ഏഴ് ദിവസം ക്വാറന്റൈൻ വേണ്ടിവരും. പരിശോധനയില്ലാതെ ആളുകളെത്തുന്നുവെന്നത് ആര് നൽകിയ വിവരമെന്ന് പലരും ആക്ഷേപിച്ചു. വിമാനം എത്തിയതിന്റെ തൊട്ടടുത്ത ദിവസം ഇതിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് തെറ്റായ കാര്യം പറയുന്നവർ കേന്ദ്രം അയച്ച സർക്കുലറും വിദേശത്ത് നിന്ന് വരുന്നവർ ഒപ്പിടുന്ന സത്യവാങ്മൂലവും വായിക്കണം - മുഖ്യമന്ത്രി പറഞ്ഞു.