തിരുവനന്തപുരം: മദ്യം ബുക്ക് ചെയ്യാൻ ഇന്നലെ വൈകിട്ട് 4 മുതൽ കാത്തിരുന്നവരെ നിരാശരാക്കി ആപ്പ് പ്ളേ സ്റ്റോറിലെത്തിയത് രാത്രി വൈകി.
വൈകിട്ട് 3.30ന് എക്സൈസ് മന്ത്രിയുടെ വാർത്താസമ്മേളനത്തിന് ശേഷം ആപ്പ് പ്ളേ സ്റ്റോറിലെത്തുമെന്നാണ് ആദ്യം പറഞ്ഞത്. ഇതോടെ ആളുകൾ തെരച്ചിൽ ആരംഭിച്ചു. മടുത്തവർ എസ്.എം.എസിനെ ശരണം പ്രാപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 10 ലക്ഷത്തോളം എസ്.എം.എസുകളാണ് മൊബൈൽ ദാതാവിന് ലഭിച്ചത്. അവയ്ക്കൊന്നും ബെവ്കോയുടെ മറുപടി ലഭിച്ചില്ല.
ഇന്ന് രാവിലെ 6 മുതലാണ് ടോക്കൺ നൽകുന്നതെന്നതിനാൽ ,അതിന് മുമ്പ് ആപ്പ് പ്ളേ സ്റ്റോറിൽ എത്തിയാൽ മതിയെന്ന സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് നിർമ്മാതാക്കളായ ഫെയർകോഡ് നടപടികൾ വൈകിച്ചത്. ആപ്പും എസ്.എം.എസും ഒരേസമയം ആക്ടിവേറ്റാകുമെന്നതിനാൽ എസ്.എം.എസ് വഴി നേരത്തെ ബുക്ക് ചെയ്തത് അസാധുവാകും. . തിരക്കൊഴിയുന്ന സമയത്താണ് ഇത്തരം ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഉൾക്കൊള്ളിക്കാറുള്ളതെന്ന് ബിവറേജസ് എം.ഡി ജി.സ്‌പർജൻകുമാർ പറഞ്ഞു. ഇന്ന് രാവിലെ മദ്യവിൽപന നടത്താൻ പാകത്തിൽ ആപ് പ്ലേ സ്റ്റോറിൽ ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.