bevco

തിരുവനന്തപുരം: ബെവ്കോ ആപ്പ് നിർമിക്കുന്നതിനായി ഫെയർകോഡ് എന്ന കമ്പനിയെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങളിൽ കൃത്രിമം കാട്ടിയൊണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആപ്പ് തയ്യാറാക്കി പരിചയമുള്ളവരെയും എസ്.എം.എസ് ചാർജും മെയിന്റനൻസ് ചാർജും വേണ്ടെന്ന് പറഞ്ഞവരേയും ഒഴിവാക്കിയാണ് ഫെയർകോഡിനെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് കമ്പനികൾ എസ്.എം.എസിന് ഒരു പൈസപോലും വേണ്ടെന്ന് അറിയിച്ചപ്പോൾ ഫെയർകോഡ് ആവശ്യപ്പെട്ടത് 12 പൈസ. സർക്കാർ നൽകുന്നത് 15 പൈസ. ഇതിലൂടെ ഒരു വർഷം കമ്പനിക്ക് കിട്ടാൻപോകുന്നത് 6 കോടിയാണ്. വർഷം രണ്ടുലക്ഷം രൂപ മെയിന്റനൻസ് ചാർജും ജീവനക്കാർക്ക് പരിശീലനം നൽകാൻ ആളൊന്നിന് രണ്ടായിരം രൂപയുമാണ് ഫെയർകോഡ് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറഞ്ഞു. എക്‌സൈസ് വകുപ്പിനെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി പറയുന്നത് ശരിയല്ല. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ താൻ നേരത്തെ ബ്രൂവറി ആരോപണം ഉന്നയിച്ചപ്പോൾ അത് പിൻവലിച്ച് കണ്ടം വഴി ഓടിയ കാര്യം മറക്കരുതെന്നും ചെന്നിത്തല പറഞ്ഞു.