പോത്തൻകോട്: യാത്രക്കാരുമായി വന്ന ജീപ്പ് റോഡിൽ നിയന്ത്രണം തെറ്റി സമീപത്തെ വൈദ്യുതി പോസ്റ്റുകൾ തകർത്ത് തലകീഴായി മറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കെട്ടിട നിർമ്മാണത്തൊഴിലാളിയും കല്ലറ സ്വദേശിയുമായ യുവാവിനെ നിസാര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ന് ചെമ്പഴന്തി ആനന്ദേശ്വരത്തിന് സമീപം ആഹ്ലാദപുരത്താണ് സംഭവം. കല്ലറയിൽ നിന്ന് മൂന്ന് കെട്ടിട നിർമ്മാണ തൊഴിലാളികളുമായി തിരുവനന്തപുരത്തെ സൈറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. കല്ലറ സ്വദേശി സുബാഷിന്റെ ഉടമസ്ഥതയിലുള്ളതാണ് ജീപ്പ്. അപകടത്തിൽ മൂന്ന് വൈദ്യുത പോസ്റ്റുകൾ തകർന്നു. അപകടത്തിൽ യാത്രക്കാർ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. നേരത്തെ തകരാർ ഉണ്ടായിരുന്ന വാഹനത്തിന്റെ സ്റ്റിയറിംഗ് ലോക്ക് പെട്ടെന്ന് വീണതാണ് അപകട കാരണമെന്ന് ഡ്രൈവർ പറയുന്നു. വാഹനത്തിന് സാരമായ കേടുപാടുണ്ട്. അപകടത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസപ്പെട്ടു.
ഫോട്ടോ: ആഹ്ലാദപുരത്ത് അപകടത്തിൽപ്പെട്ട്
തലകീഴായി മറിഞ്ഞ ജീപ്പ്