kpcc

തിരുവനന്തപുരം: ലോക്ക് ഡൗണിൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിലെത്തിക്കാൻ കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി 'സ്പീക്ക് ഇന്ത്യ' എന്ന പേരിൽ സാമൂഹിക മാദ്ധ്യമ പ്രചാരണം നടത്തുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു . ബഹുജന പ്രചാരണം ഇന്ന് രാവിലെ 11 മുതൽ രണ്ട് വരെ നടക്കും. എ.ഐ.സി.സി അധ്യക്ഷ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി 50 ലക്ഷത്തോളം പേരെ കാമ്പയിനിൽ അണി നിരത്തും. എട്ട് കോടിയോളം വരുന്ന ഇന്ത്യയിലെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്രം പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച് മാസങ്ങൾ കഴിഞ്ഞിട്ടു അതിഥി തൊഴിലാളികൾക്ക് സ്വന്തം നാട്ടിലെത്താനുള്ള ക്രമീകരണം പൂർത്തിയാക്കിയിട്ടില്ല. ഇന്ത്യയുടെ യഥാർത്ഥ സ്ഥിതി മനസിലാക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കാത്ത സാഹചര്യത്തിൽ സർക്കാരിന്റെ കണ്ണ് തുറപ്പിക്കാനാണ് പ്രതിഷേധം. പ്രവാസികൾ നാട്ടിലെത്തിയാൽ ക്വാറന്റെയിനു പണം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് ക്രൂരമാണെന്നും കെ.സി വേണുഗോപാൽ കൂട്ടിച്ചേർത്തു.