തിരുവനന്തപുരം:കൊവിഡ് ഭീതിയിൽ വിദ്യാലയങ്ങൾ തുറക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ലഭ്യമാക്കാൻ സർക്കാർ സൗജന്യമായി ലാപ്‌ടോപ് നൽകാനുള്ള പദ്ധതി ആവിഷ്‌കരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗവും ജില്ലാ പ്രസിഡന്റുമായ കൊട്ടാരക്കര പൊന്നച്ചൻ പറഞ്ഞു. കേരള കോൺഗ്രസ് (എം) സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് വെെദ്യുതി ബില്ലുകൾ ഇരട്ടിയായി, വരുമാനമില്ലാതെ വലയുന്ന ജനസമൂഹത്തിനു മേൽ അധികഭാരമേൽപ്പിക്കുന്ന ഈ നടപടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ നേതാക്കളായ താന്നിവിള ശശിധരൻ, വട്ടിയൂർക്കാവ് മോഹനൻ നായർ, ജോസഫ് അലക്സാണ്ടർ, വെള്ളനാട് സാജൻ, അഡ്വ. പോത്തൻകോട് പ്രവീൺ, വലിയവിള റഹീം, ഫിലിപ്പോസ് പാളയം, ടി.പി.സുരേഷ്.അഡ്വ. പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.