തിരുവന്തപുരം: മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് വഴി വിളിച്ചുകൂട്ടിയ എം.പിമാരുടെ യോഗത്തിൽ തന്റെ ദൃശ്യങ്ങൾ പുറത്തുവിടണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ വിശദീകരണം പറയാനായി തന്നെ ക്ഷണിച്ചതിന്റെ രേഖ പുറത്തുവിടാനും അദ്ദേഹം മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
ഡൽഹിയിൽ വന്ദേഭാരത് മിഷൻ പൊലൊരു വൻദൗത്യത്തിന്റെ ഭാഗമായിരിക്കുന്ന താൻ എതെങ്കിലും കളക്ടറേറ്രിൽ വരണമെന്ന ഒരു പൊതു അറിയിപ്പ് മാത്രമാണ് കിട്ടിയത്. മഹാമാരിയുടെ കാലത്ത് രാഷ്ട്രീയം പറയാൻ തനിക്കും താല്‍പര്യമില്ല. കേരള മോഡൽ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് രാജ്യത്ത് ആർക്കെങ്കിലും സംശമുണ്ടോയെന്ന് താൻ ഉന്നയിച്ച വിമർശനങ്ങൾക്കുള്ള മറുപടിയിൽ തന്റെ സംശയം രേഖപ്പെടുത്തുകയാണെന്നും മുരളീധരൻ ഫെയ്സ് ബുക്ക് കുറിപ്പിൽ പറഞ്ഞു.
ലോകാരോഗ്യസംഘടന പറയുന്നത് ടെസ്റ്ര്, ടെസ്റ്ര് , ടെസ്റ്ര് എന്നാണ്. കേരളം ടെസ്റ്റുകൾ പരമാവധി കുറച്ചു. പരിശോധനയിൽ രാജ്യത്ത് 26ാം സ്ഥാനത്താണ് കേരളം. ഇത് മികച്ച മാതൃകയാണോ? മേയ് 5 ലെ കേന്ദ്ര ഉത്തരവിൽ പ്രവാസികൾ ക്വാറന്റൈൻ ചിലവ് സ്വന്തമായി വഹിക്കണം എന്ന് പറയുന്നുണ്ട്. ഏതെങ്കിലും സംസ്ഥാനം ചിലവ് വഹിച്ചാൽ തടയുമെന്ന് പറഞ്ഞിട്ടില്ല. കേന്ദ്ര നിർദ്ദേശം പാലി ക്കാനായിരുന്നു തീരുമാനമെങ്കിൽ മേയ് 7 ന് കേരള ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പ്രവാസികളുടെ ക്വാറന്റൈനിന് കേരളം 2.40 ലക്ഷം കിടക്കകൾ കണ്ടെത്തിയിട്ടുണ്ടെന്നും അതിൽ 1.53 ലക്ഷം അന്നു തന്നെ തയാറാണെന്നും പറഞ്ഞതെന്തിനാണ്? പണം കൊടുത്ത് താമസിക്കുന്നവർക്കായി 9000 മുറികളുണ്ടെന്നും പറഞ്ഞിരുന്നു. 1.53 ലക്ഷം കിടക്കകൾക്ക് എന്തുസംഭവിച്ചു?. ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്താൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ? ചക്ക തലയിൽ വീഴുമ്പോൾ കൊവിഡ് കണ്ടെത്തുന്നതിനെ താങ്കൾ കേരള മോഡൽ എന്ന് വിശേഷിപ്പിക്കുമോ എന്നും മുളീധരൻ പരിഹസിച്ചു. മാഹിക്കാരൻ കണ്ണൂരിൽ മരിച്ചാൽ കേരളത്തിന്റെ പട്ടികയിൽ വരില്ല. പക്ഷേ കോയമ്പത്തൂരിൽ ചികിൽസയ്ക്ക് പോയി അവിടെ മരിച്ച പാലക്കാട് സ്വദേശിയെ കേരളത്തിന്റെ പട്ടികയിൽ പ്പെടുത്തിയിട്ടുണ്ടോ എന്നും അദേഹം ചോദിച്ചു.