കാട്ടാക്കട: പരീക്ഷ എഴുതാൻ യാത്രാബുദ്ധിമുട്ട് നേരിട്ട വിദ്യാർത്ഥിക്ക് പഞ്ചായത്ത് പ്രസിഡന്റ് തുണയായി. കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി വൃന്ദയ്ക്കാണ് കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് തുണയായത്.
പരീക്ഷ എഴുതാൻ കോട്ടൂർ അഗസ്ത്യ വന താഴ്‌വാരത്ത് കടമാൻകുന്നിൽ നിന്നും കിലോമീറ്ററുകൾ താണ്ടിവേണം വൃന്ദയ്ക്ക് കാട്ടാക്കട കുളത്തുമ്മൽ സ്കൂളിൽ എത്താൻ. ഉച്ചയ്ക്കുള്ള പരീക്ഷ എഴുതാൻ സമയത്തിന് വാഹന ലഭ്യത ഇല്ലെന്ന് വൃന്ദ സ്‌കൂൾ അധികൃതരെ അറിയിച്ചു. സ്കൂൾ അധികൃതർ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠനെ വിവരം അറിയിച്ചതോടെ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ട് തന്നെ വിദ്യാർത്ഥിയെ സ്‌കൂളിൽ എത്തിക്കുകയായിരുന്നു.
കുടമാൻകുന്നിൽ നിന്നും കോട്ടൂർ എത്തണമെങ്കിൽ വാഹന സൗകര്യമില്ലാതെ പറ്റില്ല. ഇവിടെ നിന്നും വീണ്ടും കാട്ടാക്കടയിൽ എത്തണമെങ്കിൽ കോവിഡ് കാലമായതോടെ ബസ് സൗകര്യം ഇല്ല. സമയത്തിന് സ്കൂളിൽ എത്താനോ വൈകിട്ട് മടങ്ങി വരാനോ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് സ്കൂൾ അധികൃതർ പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിച്ചത്. തന്റെ സേവന മേഖലയിൽപ്പെട്ട കുട്ടിയായതിനാൽ ഒരാളെപ്പോലും പരീക്ഷയെഴുതാതിരിക്കാൻ ഇടയാക്കരുതെന്നും സർക്കാർ തീരുമാനം താൻ യാഥാർത്ഥ്യമാക്കുകയായിരുന്നുവെന്നും മണികണ്ഠൻ പറഞ്ഞു.
ഫോട്ടോ......................പരീക്ഷ എഴുതാൻ യാത്രാബുദ്ധിമുട്ട് നേരിട്ട കാട്ടാക്കട കുളത്തുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി വൃന്ദയെ കുറ്റിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠൻ സ്കൂളിൽ എത്തിച്ചപ്പോൾ